ചെങ്ങന്നൂർ : ചെറിയനാട് പഞ്ചായത്തിലെ നാലാം വാർഡിൽ നെടുവരം കോട് കനാൽ ജംഗ്ഷൻ മുതൽ പഞ്ചായത്ത് ഓഫീസിന് സമീപം വരെയുള്ള ഏകദേശം 1500 മീറ്റർ ദൂരത്തിൽ പി.ഐപി കനാലിന്റെ വശങ്ങളിൽ വളർന്നു നിൽക്കുന്ന അക്വേഷ്യ മരങ്ങളും മറ്റ് പാഴ്മരങ്ങളും നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. ഏകദേശം നാല്പതോളം വീട്ടുകാർ ഈ മരങ്ങൾ ജീവനും സ്വത്തിനും അപകടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഇവ വെട്ടിമാറ്റുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ 2024 സെപ്റ്റംബറിൽ ഫോറസ്റ്റ് അധികൃതരെയും ഉൾപ്പെടുത്തി ഒരു ട്രീ-കമ്മിറ്റി യോഗം ചേരുകയും അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ ഫോറസ്റ്റ് വകുപ്പ് പി.ഐ.പിക്ക് അനുമതി നൽകുകയും ചെയ്തു. എന്നാൽ അനുമതി ലഭിച്ച് 7 മാസത്തോളമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തരമായി ഈ മരങ്ങൾ വെട്ടിമാറ്റുന്നതിന് അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രദേശവാസികൾ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് നാലാം വാർഡ് മെമ്പർ ഒ.ടി. ജയമോഹൻ പറഞ്ഞു.