അഞ്ചല്‍ : അപകടത്തില്‍ കേട് പാട് പറ്റിയ കാര്‍ റിക്കവറി വാഹനത്തില്‍ കെട്ടി വലിച്ചു പോകവേ വീണ്ടും അപകടത്തില്‍പ്പെട്ടു. എം.സി റോഡില്‍ വയയ്ക്കല്‍ ആനാട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. കോട്ടയം ഭാഗത്ത് വച്ച് കേടായ കാര്‍ തിരുവനന്തപുരത്തേക്ക് കെട്ടിവലിച്ചുകൊണ്ടു പോയ റിക്കവറി വാഹനം പാതയരികിലെ സോളാര്‍ ലാമ്പിന്റെ തൂണില്‍ ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം തെറ്റി കാറിന്‍റെ മുകളിലേക്ക് വീഴുകയായിരുന്നു.
അപകടത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം ഇവിടെ ഗതാഗത സ്തംഭനവുമുണ്ടായി. വാളകം എയ്ഡ് പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസെത്തി മറ്റൊരു റിക്കവറി വാഹനമുപയോഗിച്ച് അപകടത്തില്‍പ്പെട്ട ഇരു വാഹനങ്ങളും നീക്കം ചെയ്തു. കാറിന്‍റെ ഡ്രൈവറെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിക്കവറി വാഹനത്തിന്‍റെ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്ന് പറയപ്പെടുന്നു