കൊട്ടാരക്കര : എംസി റോഡില്‍ കാറും മിനി ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. ചക്കുവരയ്ക്കല്‍ ആവിയോട്ട് വീട്ടില്‍ അംബിക (48 ) ആണ് മരിച്ചത്. എംസി റോഡില്‍ മൈലംപണയില്‍ ഭാഗത്ത് മാരുതി കാറും മിനി ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന യുവാവിന് പരിക്കേറ്റു. ആലപ്പുഴ പത്തിയൂര്‍കാല ശ്രീനിലയത്തില്‍ അമല്‍ രാജ് (37) നാണ് പരിക്കേറ്റത്.
അടൂര്‍ ഭാഗത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്ന മാരുതി കാര്‍ എതിര്‍ദിശയില്‍ നിന്നുവന്ന മിനി ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അനുമാനം. ഇടിയുടെ ആഘാതത്തില്‍ കാറിെന്റ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും തലക്ക് ഗുരുതര പരിക്കേറ്റ യുവതി മരണപ്പെടുകയായിരുന്നു.
വാഹനാപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലാക്കാന്‍ കൊട്ടാരക്കരയില്‍ നിന്നും തിരിച്ച ആംബുലന്‍സ് മൈലം മുട്ടമ്പലത്ത് വച്ച് മറിഞ്ഞു. എതിരെവന്ന ലോറിയില്‍ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയില്‍ മറ്റൊരു കാറുമായി ആംബുലന്‍സ് ഇടിച്ചു മറിയുകയായിരുന്നു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എം.സി റോഡില്‍ ഏനാത്ത് മുതല്‍ മൈലം വരെയുള്ള ഭാഗം സ്ഥിരം അപകട മേഖലയാണ്. നൂറുകണക്കിന് ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്. അമിത വേഗതയാണ് കൂടുതലും അപകടത്തിന് കാരണം