തിരുവനന്തപുരം : അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന മധ്യവയസ്കനെ ഇടിച്ചതിന് പിന്നാലെ തെറിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരന്‍ ചികിത്സയിലിരിക്കേ മരിച്ചു. കിളിമാനൂര്‍ കാനാറ പുത്തന്‍വീട്ടില്‍ അനന്തു (18) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ കിളിമാനൂര്‍ മഹാദേവേശ്വരം മാര്‍ക്കറ്റിന് സമീപം ആണ് അപകടം. കാല്‍നടയാത്രക്കാരനായിരുന്ന മധ്യവയസ്കന്‍ പെട്ടെന്ന് റോഡ് മുറിച്ച് കടക്കുന്നതിനിടെ അനന്തു സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീണ അനന്തുവിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേയാണ് അനന്തു മരിച്ചത്.
അപകടത്തില്‍ മധ്യവയസ്ക്കന് തുടയെല്ലിന് സാരമായ പരിക്കേറ്റിരുന്നു. അരമണിക്കൂറോളം റോഡില്‍ രക്തം വാര്‍ന്ന നിലയില്‍ ബോധരഹിതനായി കിടന്ന അനന്തുവിനെ നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചുവരുത്തി വെഞ്ഞാറമൂട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം ബന്ധുക്കളെത്തിയാണ് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.