കോഴിക്കോട് : ജോഷിമഠില്‍ മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി മെല്‍വിന്‍ പി എബ്രഹാമാണ് അപകടത്തില്‍ മരിച്ചത്. ദുരിതബാധിത മേഖലകളില്‍ ഭക്ഷണം എത്തിച്ച് മടങ്ങുന്നതിനിടെ ഇന്നലെ വൈകിട്ടുണ്ടായ അപകടത്തില്‍ മെല്‍വിന്‍ മരണപ്പെട്ടെന്ന വിവരമാണ് വീട്ടുകാര്‍ക്ക് ലഭിച്ചിരിക്കുന്നത്. ജോഷിമഠിലെ ദുരിതബാധിത മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു മെല്‍വിന്‍. ജോഷിമഠിലെ മണ്ണിടിച്ചല്‍ സംബന്ധിച്ചുള്ള വീഡിയോകള്‍ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ബിജിനൂര്‍ രൂപതയുടെ പ്രതിനിധി എന്ന നിലയിലാണ് മെല്‍വിന്‍ ജോഷിമഠില്‍ എത്തിയത്.
ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ച് തിരികെ യാത്ര ചെയ്യുമ്പോള്‍ മഞ്ഞുവീഴ്ചയാല്‍ നിയന്ത്രണം വിട്ട് വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു .വളരെ സന്തോഷത്തോടെ സേവനതല്‍പരനായുള്ള യുവ വൈദികന്‍റെ യാത്രയുടെ അവസാന വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഞാന്‍ ജോഷിമഠിലേക്കുള്ള യാത്രയിലാണ്. വണ്ടി നിറയെ റേഷനാണ്. ഇപ്പോള്‍ മലകള്‍ കയറികൊണ്ടിരിക്കുന്നു. ഒറ്റക്കുള്ള ഈ യാത്ര ഞാന്‍ ആസ്വദിക്കുന്നു. വീഡിയോയില്‍ പറയുന്നു.