ചവറ : ദേശീയപാതയില്‍ ശങ്കരമംഗലത്ത് അപകടത്തില്‍പെട്ട ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ച് തടി വ്യാപാരി മരിച്ചു. ആലപ്പുഴ മുഹമ്മ കോയിപ്പുറം സ്വദേശി ഗോപാലകൃഷ്ണന്‍ (66) ആണ് മരിച്ചത്. ഡ്രൈവര്‍ ചേര്‍ത്തല വാരണം സ്വദേശി രാജു പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ഞായര്‍ പുലര്‍ച്ചെ നാലിനായിരുന്നു അപകടം. എസ്.ബി.ഐ ശാഖയ്ക്കു മുന്നില്‍ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു കിടന്ന കമ്പി കയറ്റിയ ലോറിക്കു പിന്നില്‍ ആലപ്പുഴയില്‍ നിന്നും കൊല്ലത്തേക്ക് തടി കയറ്റിപോയ ലോറി ഇടിച്ചു കയറുകയായിരുന്നു.
കാബിനില്‍ കുടുങ്ങിയ ഗോപാലകൃഷ്ണനെ രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന പുറത്തെടുത്തത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടം നടന്ന സ്ഥലത്ത് വെളിച്ചം കുറവായതിനാല്‍ അടുത്ത് എത്തിയപ്പോഴാണ് ലോറി ഉണ്ടെന്നത് മിനിലോറി ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. ക്രെയിനെത്തിച്ചാണ് വാഹനങ്ങള്‍ മാറ്റിയത്.