ദില്ലി: രാജ്യത്തെ ജനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇന്ത്യയില്‍ റോഡപകടങ്ങള്‍ കുറയ്ക്കാനായി നടത്തുന്ന ശ്രമങ്ങളെല്ലാം പാഴാകുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് നിയമങ്ങളില്‍ പേടിയോ ബഹുമാനമോ ഇല്ല. ഇതാണ് അപകടങ്ങളുടെ എണ്ണം കൂടാന്‍ കാരണം. യാത്രക്കാരുടെ സഹകരണം ഉണ്ടെങ്കില്‍ അപകടങ്ങളുടെ എണ്ണം ഫലപ്രദമായി കുറയ്ക്കാന്‍ കഴിയും. അല്ലാത്തപക്ഷം അതിനു ബുദ്ധിമുട്ടാകുമെന്നും ഗഡ്കരി പറഞ്ഞു.
രാജ്യത്ത് പ്രതിവര്‍ഷം അഞ്ച് ലക്ഷം റോഡപകടങ്ങളാണ് ഉണ്ടാകുന്നത്. അതില്‍ 1.5 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മരണപ്പെട്ടവരില്‍ കൂടുതലും 18-34 വയസ്സിനിടയിലുള്ളവരാണ്. അപകടത്തില്‍ പരുക്കേറ്റവര്‍ ജീവിതകാലം മുഴുവന്‍ കഷ്ടപ്പെടുകയാണെന്നും ഗഡ്കരി പറഞ്ഞു. റോഡപകടങ്ങള്‍ കുറയ്‌ക്കേണ്ട ബാധ്യത സാധാരണക്കാര്‍ക്കും ഉണ്ട്. അമിതവേഗതയും മദ്യപിച്ച് വാഹനമോടിക്കലും ഹെല്‍മറ്റ് ഇല്ലാതെയുള്ള യാത്രയുമെല്ലാമാണ് ഒട്ടുമിക്ക അപകടങ്ങള്‍ക്കും കാരണം. ട്രാഫിക് നിയമങ്ങളെ പറ്റി ധാരണയുണ്ടായിട്ടും പലപ്പോഴും നിയമങ്ങള്‍ ലംഘിക്കപ്പെടാറാണ് പതിവ്. റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.