റാന്നി: ഇന്നലെയുണ്ടായ അതിതീവ്ര മഴയെ തുടർന്ന് പെരുമ്പുഴ ടൗണിനും എം.എസ്. ഹൈസ്കൂളിനും മധ്യേ റോഡിൽ മണ്ണും ചരലും അടിയഞ്ഞ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. മഴവെള്ളപ്പാച്ചിലിൽ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഒലിച്ചെത്തിയ മണ്ണും ചരലുമാണ് പ്രധാന റോഡിൽ പരന്നൊഴുകി ഗതാഗതത്തിന് ഭീഷണിയായത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ഇതുവഴി കടന്നുപോയ കാർ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതത്തൂണിലും തുടർന്ന് കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിലും ഇടിച്ചു. ഭാഗ്യം കൊണ്ടാണ് ആളപായമൊഴിവായത്. ഇന്ന് രാവിലെയും മണ്ണിലും ചരലിലും തെന്നി മാറി നിരവധി ബൈക്ക് യാത്രക്കാർക്കാണ് അപകടം സംഭവിച്ചത്.
വളവും തിരക്കുമുള്ള ഈ ഭാഗത്ത് റോഡിലെ തടസ്സം നീക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വിവരമറിഞ്ഞെത്തിയ റാന്നി ഫയർഫോഴ്സ് സംഘം ശക്തമായി വെള്ളം പമ്പ് ചെയ്ത് റോഡിലെ മണ്ണും ചരലും പൂർണ്ണമായും കഴുകി വൃത്തിയാക്കി ഗതാഗതം സുരക്ഷിതമാക്കി.




























