കോന്നി : കുമ്പഴ മല്ലശേരിമുക്കിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചക്ക് ഇടയിൽ രണ്ട് വാഹനാപകടങ്ങൾ ഈ ജംഗ്ഷനിൽ ഉണ്ടായി. രണ്ട് അപകടങ്ങളിലായി പിഞ്ചുകുഞ്ഞ് അടക്കം പലര്‍ക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കോന്നി പൂങ്കാവിൽ നിന്നും സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് മല്ലശേരിമുക്കിൽ ആണ് സംഗമിക്കുന്നത്. ഈ റോഡ് ചേരുന്ന ഭാഗത്താണ് അപകടങ്ങൾ വർധിക്കുന്നത്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണം പൂർത്തിയായ ശേഷമാണ് ഇത്രയുമധികം അപകടങ്ങൾ ഉണ്ടാകുന്നതെന്ന് സമീപവാസികൾ പറയുന്നു. സംസ്ഥാന പാതയിലൂടെ പത്തനംതിട്ട ഭാഗത്തേക്കും പുനലൂർ ഭാഗത്തേക്കും പോകുന്ന സൂപ്പർ ഫാസ്റ്റ് അടക്കമുള്ള വാഹനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ അമിത വേഗതയിൽ ആണ് സഞ്ചരിക്കുന്നത്. പൂങ്കാവിൽ നിന്നും വരുന്ന വാഹനങ്ങൾ ഇത് ശ്രദ്ധിക്കാതെ വളവ് തിരിയുമ്പോൾ ആണ് അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്.
മാത്രമല്ല ഇങ്ങനെ ഒരു റോഡ് ഉണ്ടെന്ന് സൂചിപ്പിക്കുന്ന സൂചനാ ബോർഡുകളും അധികൃതർ ഇവിടെ സ്ഥാപിച്ചിട്ടില്ല. ഒരാഴ്ചക്കിടയിൽ നടന്ന അപകടങ്ങളിൽ ആദ്യം സ്‌കൂട്ടറും ബൈക്കും ഇടിക്കുകയും പിന്നീട് സ്‌കൂട്ടറും കാറും തമ്മിൽ ഇടിച്ചുമാണ് അപകടങ്ങൾ നടന്നത്. ഈ അപകടങ്ങളിൽ സ്‌കൂട്ടറുകൾ പൂർണ്ണമായി തകരുകയും ചെയ്തിരുന്നു. സംസ്ഥാന പാത നിർമ്മാണം പൂർത്തിയായ ശേഷം വാഹനങ്ങൾ അമിത വേഗതയിൽ ആണ് സഞ്ചരിക്കുന്നത്. അമിത വേഗതക്ക് കടിഞ്ഞാൺ ഇടുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും കഴിയുന്നില്ല. ഇരുചക്ര വാഹനങ്ങൾ അടക്കം സ്‌കൂൾ സമയങ്ങളിൽ പോലും വലിയ വേഗതയിൽ ആണ് സഞ്ചരിക്കുന്നത്. അപകടങ്ങൾ കുറക്കുന്നതിനാവശ്യമായ സൂചനാ ബോർഡുകളും മറ്റ് സംവിധാനങ്ങളും അടിയന്തിരമായി ഇവിടെ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.