കോഴഞ്ചേരി : ഉന്നത നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മുട്ടുമണ്‍ – ചെറുകോല്‍പ്പുഴ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥ. മുട്ടുമണ്‍ – ചെറുകോല്‍പ്പുഴ റോഡിന്റെ നിര്‍മാണം ആരംഭിച്ച് അധികം വൈകും മുമ്പേ മുടങ്ങിപ്പോയിരുന്നു. ജനകീയപ്രതിഷേധം ഉണ്ടായപ്പോഴാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിര്‍മ്മാണം പൂര്‍ണമായെങ്കിലും റോഡുമായി അനുബന്ധിച്ചുള്ള ഗ്രാമീണ റോഡുകളുടെ നവീകരണം പൂര്‍ത്തീകരിച്ചിട്ടില്ല. ആധുനികരീതിയില്‍ നിര്‍മ്മിച്ച മുട്ടുമണ്‍ – ചെറുകോല്‍പ്പുഴ റോഡിന്റെ ഇരുവശങ്ങളും റോഡിന്റെ ഉയരത്തിനനുസരിച്ച് ക്രമീകരിച്ചിട്ടില്ല. സുരക്ഷാ സംവിധാനങ്ങളും പൂര്‍ത്തീകരിച്ചില്ല. ഏറ്റവുമധികം അപകടം നടക്കുന്ന പുല്ലാട് വടക്കേകവലയില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുമില്ല.
തിരുവല്ല – കുമ്പഴ സംസ്ഥാനപാതയില്‍ ഏറ്റവുംകൂടുതല്‍ അപകടം നടക്കുന്ന പുല്ലാട് ജംഗ്‌ഷന്‍മുതല്‍ ചാലായിക്കരവരെയുള്ള ഭാഗത്തും മുന്നറിയിപ്പ് ബോര്‍ഡുകളോ എ.ഐ കാമറകളോ ഇല്ല. പുല്ലാട് മുതല്‍ കോഴഞ്ചേരി വരെയുള്ള അഞ്ചു കി.മീറ്റര്‍ പാതയില്‍ വളവുകളില്ല. ചെട്ടിമുക്കു വരെ നേര്‍പാതയാണ്. ഇരുചക്രവാഹന യാത്രീകരും കാറും മറ്റ് വാഹനങ്ങളും 80 കി.മീറ്ററില്‍ അധികം വേഗതയിലാണ് ഇതുവഴി ഓടുന്നത്. പൂവത്തൂരില്‍ നിന്നും എത്തുന്ന പാത, ചാലായിക്കരയില്‍ എത്തിച്ചേരുന്ന ഇടുങ്ങിയ പാത, കൊല്ലംപടി-പൂവത്തുര്‍-ചെട്ടിമുക്ക് പാത, കുറിയന്നൂര്‍-നെടുമ്പ്രയാര്‍ പാത എന്നിവയെല്ലാം ഈ സംസ്ഥാന പാതയില്‍ എത്തുന്നുണ്ട്.