നട്‌സ് കഴിച്ചാല്‍ നമ്മളുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. നമ്മളുടെ ശരീരത്തിലേയ്ക്ക് ഹെല്‍ത്തി ഫാറ്റ് എത്തിക്കുന്നതിന് ഇത് സഹായിക്കുന്നു. അതുപോലെ തന്നെ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. കൂടാതെ ശരീരഭാരം കുറയ്ക്കുന്നതിനും നട്‌സ് കഴിക്കുന്നത് സഹായിക്കുന്നുണ്ട്. എന്നാല്‍ നട്‌സ് കഴിക്കാനും ചില ശരിയായ രീതികളുണ്ട്. രാത്രി നട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പറയുന്നത്. നട്‌സ് എപ്പോള്‍ കഴിക്കണം എന്നും നോക്കാം.
രാത്രിയില്‍ നട്‌സ് കഴിച്ചാല്‍
ചിലര്‍ രാത്രിയില്‍ വിശക്കുമ്പോള്‍ കുറച്ച് നട്‌സ് എടുത്ത് കഴിക്കുന്നത് കാണാം. എന്നാല്‍ രാത്രിയില്‍ നട്‌സ് കഴിക്കുന്നത് നല്ലതല്ല. ഇത് ഉറക്കത്തെ കാര്യമായി തടസ്സപ്പെടുത്തുന്നു. അതുപോലെ തന്നെ ഇത് ദഹനത്തെ കാര്യമായി ബാധിക്കും. കാരണം നട്‌സില്‍ ഹെല്‍ത്തി ഫാറ്റും ഫൈബറും അടങ്ങിയിരിക്കുന്നു. ഇത് ഉറക്കകുറവും സ്‌ട്രെസും ഉണ്ടാക്കും. നട്‌സ് രാത്രിയില്‍ കുതിര്‍ത്ത് പിറ്റേ ദിവസം രാവിലെ കഴിക്കുന്നതാണ് നല്ലത്. നട്‌സ് കുതിര്‍ത്ത് കഴിച്ചാല്‍ ദഹന പ്രശ്‌നങ്ങള്‍ മാറ്റി എടുക്കാന്‍ കഴിയും. കൂടാതെ ശരീരത്തിലെ വാത, പിത, കഫ പ്രശ്‌നങ്ങളെ ബാലന്‍സ് ചെയ്യാനും സഹായിക്കും. അതിനാല്‍, ബദാം, വാള്‍നട്, അത്തിപ്പഴം എന്നിവ കുതിര്‍ത്ത് കഴിക്കുന്നതാണ് നല്ലത്.
അമിതമായി കഴിക്കരുത്
ചിലര്‍ പലതരം നട്‌സ് ഒരുമിച്ച് കഴിക്കുന്നത് കാണാം. ഇത്തരത്തില്‍ ഒരുമിച്ച് നട്‌സ് കഴിക്കുമ്പോഴും നമ്മള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചിലര്‍ സ്‌പൈസസ് ചേര്‍ത്ത് റോസ്റ്റ് ചെയ്ത നട്‌സും മറ്റ് നട്‌സും ഒരുമിച്ച് കഴിക്കുന്നത് കാണാം. ഇത് ഒഴിവാക്കണം. ബദാമും കുങ്കുമപ്പൂവും രണ്ട് ഈന്തപ്പഴവും ചേര്‍ത്ത് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കും. നട്‌സ് നല്ലതാണ് എന്ന് കരുതി അമിതമായി കഴിക്കുന്നത് നല്ലതല്ല. മിതമായ അളവില്‍ മാത്രം കഴിക്കുക. അമിതമായി കഴിച്ചാല്‍ ഇത് അമിതമായ കൊഴുപ്പ് ശരീരത്തിൽ എത്താൻ കാരണമാകും. ഇത് അമിതവണ്ണം ഉണ്ടാക്കും. അതിനാല്‍ ഒരു ദിവസം മാക്‌സിമം ഒരുപിടി നട്‌സ് മാത്രം കഴിക്കുക.
നട്‌സ് കഴിക്കുമ്പോള്‍ നല്ലപോലെ ചവച്ചരച്ച് കഴിക്കാന്‍ മറക്കരുത്. നല്ലപോലെ ചവച്ചരച്ച് കഴിച്ചാല്‍ മാത്രമാണ് ഇത് വേഗത്തില്‍ ദഹിക്കുക. നട്‌സിന്റെ ഗുണങ്ങള്‍ നമ്മളിലേയ്ക്ക് എത്താനും ഇത് സഹായിക്കും. പല നട്‌സും നിങ്ങള്‍ക്ക് മില്‍ക്ക് തയ്യാറാക്കാന്‍ ഉപയോഗിക്കാം. പ്രത്യേകിച്ച് ബദാം അതിന് പറ്റിയതാണ്. ഇതിനായി രാത്രിയില്‍ ഒരു അഞ്ച് ബദാം കുതിരാന്‍ വെക്കണം. അതിന് ശേഷം പിറ്റേന്ന് ഇത് കുറച്ച് വെള്ളം ചേർത്ത് അരച്ച് പാലിൽ ചേർത്ത് കുടിക്കാം.