പത്തനംതിട്ട : അവസാന ടേമിലെ അധ്യക്ഷ സ്ഥാനത്തുള്ളവരുടെ കാത്തിരിപ്പ് നീളുന്നു. ജില്ലയിൽ എൽ.ഡി.എഫ് ഭരിക്കുന്ന ജില്ല പഞ്ചായത്ത്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത്, ഏറത്ത് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ മുന്നണി ധാരണ പ്രകാരം അധ്യക്ഷരുടെ രാജി തിങ്കളാഴ്ചയും ഉണ്ടായില്ല. ഞായറാഴ്ച വൈകീട്ട് സി.പി.എം, സി.പി.ഐ ജില്ല നേതാക്കൾ കൂടിയാലോചിച്ച് തിങ്കളാഴ്ച അധ്യക്ഷ സ്ഥാനങ്ങളിൽനിന്ന് രാജിയുണ്ടാകണമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ മൂന്നിടങ്ങളിലും വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് രാജി നീട്ടി. ജില്ല പഞ്ചായത്തിൽ സി.പി.ഐ പ്രതിനിധി രാജി പി. രാജപ്പൻ രാജിക്കു തയാറായി രാവിലെ ഓഫിസിൽ എത്തിയെങ്കിലും പാർട്ടി നിർദേശം എത്തിയില്ല.
പറക്കോട് ബ്ലോക്ക് പഞ്ചായത്തിൽ സി.പി.എം പ്രതിനിധിയായ പ്രസിഡന്റ് ആർ. തുളസീധരൻപിള്ള സ്ഥാനമൊഴിഞ്ഞ് അധ്യക്ഷ സ്ഥാനം സി.പി.ഐക്ക് കൈമാറണം. ഏറത്ത് സി.പി.എം പ്രതിനിധി സന്തോഷ് ചാത്തന്നൂപ്പുഴ രാജിവെച്ച് പ്രസിഡന്റ് സ്ഥാനം സി.പി.ഐക്ക് നൽകണം. ഈ രണ്ട് ധാരണകളും നടപ്പാകാതെ വന്നതോടെയാണ് ജില്ല പഞ്ചായത്തിലും രാജി വൈകിയത്. അവസാനത്തെ ഒരുവർഷം ജില്ല പഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മിനാണ് പ്രസിഡന്റു സ്ഥാനം ലഭിക്കേണ്ടത്. സി.പി.ഐ പ്രതിനിധി രാജിവെക്കാതെ വന്നതോടെ കേരള കോൺഗ്രസ് പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് സി.പി.എം, സി.പി.ഐ ചർച്ച നടന്നത്. ജില്ല നേതാക്കൾ ധാരണയിലെത്തിയെങ്കിലും പറക്കോട് ബ്ലോക്കിലും ഏറത്ത് പഞ്ചായത്തിലും നിലവിലെ പ്രസിഡന്റുമാർ ഏതാനും ദിവസങ്ങളുടെ സാവകാശം ചോദിക്കുകയായിരുന്നു.