തിരുവനന്തപുരം : നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്‌കുമാറിന്റെ ശരീരഭാരം ക്രൂരമായ പീഡനത്തെത്തുടർന്ന് നീരുവച്ച് 8 കിലോ കൂടിയതായി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വീഴ്ചകളുണ്ടായതിനെത്തുടർന്നു രണ്ടാമതു നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
കസ്റ്റഡിയിലെടുക്കുന്ന സമയത്ത് 85 കിലോയായിരുന്നു ശരീരഭാരമെങ്കിൽ ആദ്യ പോസ്റ്റുമോർട്ടം നടക്കുമ്പോൾ 93 കിലോയായിരുന്നു ഭാരം. ക്രൂരമായ മർദനത്തെത്തുടർന്ന് 6 ദിവസത്തിനിടയിലാണ് നീരുവെച്ച് ശരീര ഭാരം 8 കിലോ കൂടിയത്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർക്കെതിരെ രൂക്ഷമായ വിമർശനമാണ് കസ്റ്റഡി മരണം അന്വേഷിച്ച ജസ്റ്റിസ് നാരായണ കുറുപ്പിന്റെ റിപ്പോർട്ടിലുള്ളത്.
മർദനത്തിൽ ആന്തരികാവയവങ്ങൾ ഞെരിഞ്ഞമർന്നു. കിഡ്നി നീരുവന്ന് വീർത്തു. ഹൃദയത്തിന്റെ പ്രവർത്തനത്തിനു തകരാറുണ്ടായി. രാജ്‌കുമാറിന്റെ ശരീരത്തിൽ പുറമേ കാണാവുന്ന 21 മുറിവുകളുണ്ടായിട്ടും അതൊന്നും ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചില്ല. 2019 ജൂൺ 22നാണ് ആദ്യ പോസ്റ്റുമോർട്ടം നടന്നത്. കോട്ടയം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറും മെഡിക്കൽ ഓഫിസറുമാണ് പോസ്റ്റുമോർട്ടം നടത്തിയത്.
പോസ്റ്റുമോർട്ടം നടത്തിയവർ ഉദാസീനമായാണ് കാര്യങ്ങളെ കണ്ടതെന്നു റിപ്പോർട്ടിൽ പറയുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ മാർഗ നിർദേശങ്ങൾ പാലിക്കപ്പെട്ടില്ല. മരണ കാരണം ന്യുമോണിയ ആണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. രാജ്‌കുമാറിനു മൂർച്ചയേറിയ വസ്തുക്കള്‍ കൊണ്ടുണ്ടായ പരുക്കുകൾ സംഭവിച്ചതിനെക്കുറിച്ച് റിപ്പോർട്ടിൽ ഒന്നും പറയുന്നില്ല. ഈ പോസ്റ്റുമോർട്ടം റിപ്പോർട്ട് തള്ളിയാണ് 38 ദിവസത്തിനുശേഷം വീണ്ടും പോസ്റ്റുമോർട്ടം നടത്താൻ കമ്മീഷൻ നിർദേശിച്ചത്.
ഡോക്ടർ കെ.പ്രസന്നൻ, ഡോക്ടർ പി. ബി.ഗുജറാൾ, ഡോക്ടർ എ.കെ. ഉൻമേഷ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടാമത് പോസ്റ്റ്മോർട്ടം നടത്തിയതിന്റെ ഫലമായാണ് ക്രൂരമായ മർദനവും പരിക്കുകളും കണ്ടെത്തിയത്. കമ്മീഷന്റെ ശുപാർശ അനുസരിച്ച് 6 ഉദ്യോഗസ്ഥരെ പിരിച്ചു വിടാനും നിയമ നടപടി സ്വീകരിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പു കേസില്‍ റിമാൻഡിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്‌കുമാർ 2019 ജൂൺ 21നാണ് പീരുമേട് സബ്‌ജയിലിൽ മരിച്ചത്.