പത്തനംതിട്ട : വർഷങ്ങൾക്കുമുമ്പ് തന്റെ ബന്ധുവിന്റെ കാല് അടിച്ചൊടിച്ച കേസിൽപ്പെട്ട യുവാവിനെ അടിച്ച് പരിക്കേൽപ്പിച്ചതിനെത്തുടർന്ന് ഇയാൾ മരണപ്പെട്ട സംഭവത്തിലെ പ്രതിയെ റിമാൻഡ് ചെയ്തു. ചെന്നീർക്കര മുട്ടത്തുകോണം ഓവിൽപീടിക ചെല്ലക്കുളഞ്ഞി വീട്ടിൽ രാജപ്പൻ ആചാരിയുടെ മകൻ മുരളീധരൻ ആചാരി (56)യെയാണ് ഇലവുംതിട്ട പോലീസ് പിടികൂടി റിമാൻഡ് ചെയ്തത്. ഇലവുംതിട്ട നല്ലാനിക്കുന്ന് താന്നിനിൽക്കുന്നതിൽ തങ്കപ്പന്റെ മകൻ അജി (41) ആണ് കൊല്ലപ്പെട്ടത്.
ചൊവ്വ ഉച്ചയ്ക്ക് 12 കഴിഞ്ഞ് ഇലവുംതിട്ട ജംഗ്ഷനിലെ അർബൻ ബാറിന്റെ കൌണ്ടറിലേക്കുള്ള വഴിയിൽ വച്ചായിരുന്നു യുവാവിനെ മർദ്ദിച്ചത്. മുരളീധരന്റെ ബന്ധു സുന്ദരേശന്റെ കാല് 12 വർഷങ്ങൾക്ക് മുമ്പ് അജിയും മാറ്റാരോ രണ്ടുപേരും ചേർന്ന് അടിച്ചൊടിച്ചതിന്റെ വിരോധം കാരണമാണ് ബാറിൽ അജിയെ തടഞ്ഞുമർദ്ദിച്ചത്. അടികൊണ്ട് നിലത്തുവീണ ഇയാളുടെ തല തറയിലിടിച്ചു.
വീട്ടിലെത്തിയ ഇയാളുടെ മുഖത്തും മറ്റും നിരുവച്ചതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേസ്തിരിപ്പണിക്കാരനായ അജിക്ക് ഭാര്യയും രണ്ട് മക്കളുമാണുള്ളത്. ഉടൻതന്നെ മുരളിയെ പോലീസ് കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ദീപു ഡി യുടെ നേതൃത്വത്തിലാണ് അന്വേഷണം.