ഹരിപ്പാട്: വിവിധ മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചു. കാർത്തികപ്പള്ളി മഹാദേവികാട്, വാഗസ്ഥാനത്ത് ശ്രീമന്ദിരത്തിൽ അതുൽ ദേവിനെയാണ് (26) എറണാകുളം ജില്ലാ ജയിലിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ലഹരി മരുന്നുമായി ബന്ധപ്പെട്ട് തൃക്കുന്നപ്പുഴ, ആലപ്പുഴ, പാലാരിവട്ടം, എറണാകുളം എന്നീ സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്. വിവിധ കേസുകളിലായി രണ്ട് ലക്ഷത്തിലധികം രൂപാ വില വരുന്ന മയക്കുമരുന്ന് പ്രതിയിൽ നിന്നും പിടികൂടിയിട്ടുണ്ട്. എറണാകുളം കുന്തുരുത്തി റോഡിൽ വെച്ചാണ് അവസാനമായി ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് കിലോ കഞ്ചാവും ഒരു ഗ്രാം എം ഡിഎംഎയും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ ലഹരി മരുന്നുകൾ കടത്തുന്നുണ്ടെന്നും ലഹരി മാഫിയയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പോലീസ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. 2021 മാർച്ച് മാസമാണ് 19 ഗ്രാം എംഡിഎംഎയുമായി തൃക്കുന്നപ്പുഴ പോലീസ് വലിയകുളങ്ങരയിൽ വെച്ച് യുവാവിനെ പിടികൂടുന്നത്. തുടർച്ചയായി മയക്കുമരുന്ന് കേസിൽ പിടിയിലായ സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടുമെന്നും അത് തടയുന്നതിന് പ്രതിയെ തടങ്കലിൽ വെക്കണമെന്ന റിപ്പോർട്ട് പോലീസ് മേധാവി നൽകിയത്.