കോന്നി: നാലുവർഷം മുമ്പ് വീടാക്രമിച്ചതിനെടുത്ത കേസ് പിൻവലിക്കാത്ത വിരോധത്താൽ വീണ്ടും വയോധികയുടെ വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് അതിക്രമം നടത്തിയ ലഹരിക്ക് അടിമയായ പ്രതിയെ കോന്നി പോലീസ് പിടികൂടി. കോന്നി വി കോട്ടയം വിജയഭവനം വീട്ടിൽ വിജയന്റെ ഭാര്യ വിജയകുമാരി (61)ക്ക് ഇയാളുടെ കത്രിക കൊണ്ടുള്ള ആക്രമണത്തിൽ കൈക്ക് മുറിവേറ്റു. ഇവർ റിട്ടയേർഡ് ഹെഡ് മിസ്ട്രെസ് ആണ്. ഭർത്താവുമൊത്ത് താമസിക്കുകയാണ്.
അയൽവാസിയായ വി കോട്ടയം ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം കൊല്ലുത്തറ പടിഞ്ഞാറ്റതിൽ വീട്ടിൽ ഗോപേഷ് ( 34) ആണ് അറസ്റ്റിലായത്. ഇയാൾ 24 ന് രാത്രി ഏഴരയോടെ വീട്ടിൽ അതിക്രമിച്ചു കയറി മുറ്റത്ത് കിടന്ന് കാറിന് ചുറ്റിക കൊണ്ട് അടിച്ച് കേടുപാട് വരുത്തുകയും സിറ്റ് ഔട്ടിൻ്റെ ഗ്രില്ലിന് ഇടയിൽ കൂടി കയ്യിട്ട് ഒരു കത്രിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു.
വിജയകുമാരിയുടെ ഉള്ളംകൈക്ക് മുറിവ് ഉണ്ടായി. ഇവരുടെ മൊഴി രേഖപ്പെടുത്തിയ കോന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ദമ്പതികളുടെ രണ്ട് ആൺമക്കളും വിദേശത്താണ്. ഇളയ മകൻ ആശംസിൻ്റെ സുഹൃത്താണ് പ്രതി ഗോപേഷ്. ദമ്പതികൾ വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ മുറ്റത്ത് ഉച്ചത്തിൽ ബഹളം കേട്ട് സിറ്റൗട്ടിൽ ഇറങ്ങി നോക്കി. അപ്പോൾ ഇയാൾ വീട്ടുമുറ്റത്ത് നിന്ന് കാറിന് മുകളിൽ ചുറ്റിക വച്ച് അടിക്കുന്നതാണ് കണ്ടത്. തുടർന്നാൽ അസഭ്യം വിളിക്കുകയും ആക്രോശിക്കുകയും സിറ്റൗട്ടിന് ഗ്രിൽ പിടിച്ച് തുറക്കാൻ ശ്രമിക്കുകയും ചെയ്തു. ഇയാൾ ഗ്രില്ല് പിടിച്ചു കുലുക്കിയപ്പോൾ അകത്തുനിന്നും ദമ്പതികൾ കുറ്റിയിട്ട ശേഷം തള്ളിപിടിച്ചു. അപ്പോഴാണ് കയ്യിലിരുന്ന കത്രിക കൊണ്ട് ഇയാൾ ഇവരുടെ കയ്യിൽ കുത്തിയത്. കൈ വലിച്ചുവെങ്കിലും കത്രികയുടെ ആറ്റം ഉള്ളംകയിൽ കൊണ്ട് മുറിവുണ്ടായി. പിറ്റേന്ന് ഇവർ സ്റ്റേഷനിൽ മൊഴി നൽകി.
ദമ്പതികളുടെ നിലവിളി കേട്ട് അയൽവാസിയായ സ്ത്രീ ഓടിവന്ന് ഇയാളോട് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടപ്പോഴാണ് അക്രമാസക്തനായ യുവാവ് പിൻവാങ്ങിയത്. 2021 ജനുവരി എട്ടിനും ഇയാൾ ഇത്തരത്തിൽ വീട്ടിൽ അതിക്രമിച്ചകയറി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. വീടിൻ്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും മറ്റും ചെയ്‌തതിന് അന്ന് കോന്നി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. അതിൻ്റെ വിചാരണ പത്തനംതിട്ട ജെ എഫ് എം 2 കോടതിയിൽ നടന്നുവരികയാണ്. ഈ കേസ് പിൻവലിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി വരികയാണ് പ്രതി. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പോലീസ് പരിശോധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വളരെ വേഗം തന്നെ ലഹരിക്ക് അടിമയായ ആക്രമിയെ പോലീസ് സംഘം വി കോട്ടയം ജംഗ്ഷനിൽ നിന്നും ഇന്നലെ രാത്രി എട്ടോടെ കസ്റ്റഡിയിലെടുത്തു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇന്നുരാവിലെ സ്ഥലത്ത് നടത്തിയ തെളിവെടുപ്പിൽ ചുറ്റിക പോലീസ് കണ്ടെടുത്തു. പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ കത്രിക ഒളിപ്പിച്ച സ്ഥലത്തുനിന്നും കണ്ടെടുത്തു. കോന്നി പോലീസ് ഇൻസ്പെക്ടർ പി ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ എസ് ഐ വിമൽ രംഗനാഥിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.