ചേർത്തല: ആലപ്പുഴയിൽ നാലര വയസുകാരിയായ മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 18 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം സ്വദേശിയും ചേർത്തലയിൽ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന 39 വയസുകാരനെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ ) ശിക്ഷിച്ചത്. അമ്മ ജോലിക്ക് പോയ സമയത്ത് പെൺകുട്ടിയെ സ്കൂളിൽ നിന്നും വിളിച്ച് കൊണ്ട് വന്നശേഷമാണ് പ്രതി മകളെ ഉപദ്രവിച്ചത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ അമ്മ മകളോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയായിരുന്നു. ലൈംഗിക അതിക്രമത്തെക്കുറിച്ച് അറിഞ്ഞതോടെ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.
പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് 5 ന് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പൂച്ചാക്കൽ ഇൻസ്പെക്ടർ ആയിരുന്ന എം. അജയമോഹനാണ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് എട്ട് വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. പിഴ അടക്കാത്ത പക്ഷം ഒൻപത് മാസം തടവ് കൂടി കൂടുതലായി അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 24 സാക്ഷികളെയും 24 രേഖകളും കേസിന്റെ തെളിവിനായി ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ ഹാജരായി.