ഇന്‍ഡോര്‍: ഉജ്ജയിന്‍ ബലാത്സംഗ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പിതാവ്. ബലാത്സംഗത്തിനിരയായ പെൺകുട്ടി ഉടുവസ്ത്രമില്ലാത്ത നിലയില്‍ റോഡിലൂടെ സഹായത്തിനായി യാചിച്ച് അലയുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ഡ്രൈവര്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ‘ഇങ്ങനെ ചെയുന്നവരെ തൂക്കിലേറ്റിയാൽ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങൾ ആവര്‍ത്തിക്കപ്പെടാതിരിക്കുകയുള്ളൂ. അതെന്‍റെ മകനായാലും ശരി. ഇവർ ജീവിക്കാന്‍ അര്‍ഹരല്ല.
ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ മകനെ വെടിവെച്ചേനെ’ എന്ന് അറസ്റ്റിലായ ഭരത് സോണിയുടെ പിതാവ് രാജു സോണി പറഞ്ഞു. പോക്‌സോ കോടതി ഭരതിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വിട്ടെന്ന് മഹാകാൽ പോലീസ് വ്യക്തമാക്കി. അഭിഭാഷകരാരും പ്രതിക്കായി കോടതിയിൽ വാദിക്കില്ലെന്ന് ഉജ്ജയിൻ ബാർ അസോസിയേഷൻ അറിയിച്ചു. രക്തം വാര്‍ന്ന് ഉടുവസ്ത്രമില്ലാതെ തെരുവിലൂടെ അലഞ്ഞ പെണ്‍കുട്ടിക്ക് ആശ്രമത്തിലെ പുരോഹിതനാണ് വസ്ത്രം നല്‍കിയത്. പിന്നീട് അദ്ദേഹം പോലീസിനെ വിവരമറിയിച്ചു. ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.