കോന്നി : മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് അച്ചൻകോവിൽ, ആവണിപ്പാറ മേഖലകൾ ഒറ്റപെട്ടു. അച്ചൻകോവിൽ വന മേഖലയിൽ കനത്ത മഴയെ തുടർന്ന് കോന്നി അച്ചൻകോവിലാറ്റിൽ ജല നിരപ്പ് ഉയർന്നു. അച്ചൻകോവിൽ ഭാഗത്ത് കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ നദി കരകവിഞ്ഞ് ഒഴുകുകയാണ്. ഇവിടെ മഴയുടെ ശക്തി വർധിച്ചതോടെ കോന്നിയിലെ പാലാ സ്ഥലങ്ങളിലും കൈത്തോടുകൾ വഴി ഒഴുകി എത്തിയ മഴവെള്ളം ജനവാസ മേഖലകളിലേക്ക് കയറിയിട്ടുണ്ട്. നിർമ്മാണം നടക്കുന്ന കോന്നി മെഡിക്കൽ കോളേജ് ഐരവൺ പാലത്തിന്റെ തൂണുകളിൽ തടി ഒഴുകി എത്തി ഇടിച്ചു നിൽക്കുകയും ചെയ്തു. റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കൊല്ലം പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡിൽ വെള്ളം കയറിയിരുന്നു.
ജില്ലയിൽ പലയിടത്തും മഴ കനക്കുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടവി കുട്ടവഞ്ചി സവാരി അടക്കമുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും തത്കാലിക അവധി പ്രഖ്യാപിച്ചു. സംസ്ഥാന ജല സേചന വകുപ്പിന്റെ കോന്നി, കല്ലേലി ജി ഡി സ്റ്റേഷനുകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അച്ഛൻകോവിൽ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാതൊരു കാരണവശാലും നദിയിൽ ഇറങ്ങുവാനോ നദി മുറിച്ചു കടക്കുവാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണം അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ മാറി താമസിക്കണം. അച്ഛൻകോവിൽ നദിയുടെ കൈവഴികളിൽ എവിടേയോ ഉരുൾ പൊട്ടൽ ഉണ്ടായതാണ് സംശയിക്കുന്നുണ്ട്. കോന്നിയിലെ അച്ഛൻകോവിൽ, കല്ലാർ നദികളിലും ജല നിരപ്പ് ഉയരുന്നുണ്ട്.