കോന്നി : ശബരിമല മണ്ഡല കാലത്ത് ഇതര സംസ്ഥാനക്കാരായ അയ്യപ്പ ഭക്തർ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന അച്ഛൻകോവിൽ – കല്ലേലി – കോന്നി ശബരിമല കാനന പാത അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നു. തമിഴ്നാട് കുറ്റാലത്ത് നിന്നും ചെങ്കോട്ട, മേക്കര, കോട്ടവാസൽ, അച്ചൻകോവിൽ ആവണിപ്പാറ, മണ്ണാറപ്പാറ, കുടമുക്ക്, കടിയാർ, കല്ലേലി, നടുവത്തുമൂഴി, അരുവാപ്പുലം വഴി എലിയറക്കൽ എത്തുന്ന റോഡാണ് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്. അച്ചൻകോവിൽ നിന്നും പ്ലാപ്പള്ളി വരെയുള്ള 100 കിലോമീറ്റർ കെ എസ് റ്റി പി പദ്ധതിയിൽ ഉൾപ്പെടുത്തി സഞ്ചാരയോഗ്യമാക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. അതിനായി 100 കോടി രൂപയും അനുവദിച്ചിരുന്നു. പിറവന്തൂർ, അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, സീതത്തോട് തുടങ്ങിയ പഞ്ചായത്തുകൾ വഴിയാണ് റോഡ് കടന്നു പോകുന്നത്. ചെങ്കോട്ടയിൽ നിന്ന് വരുന്ന ശബരിമല തീർഥാടകർക്ക് കിലോമീറ്ററുകൾ ലാഭിച്ച് കോന്നി വഴി പമ്പയിൽ എത്താൻ ഉപകരിക്കുന്നതാണ് നിർദിഷ്ട പാത.
കോന്നി, റാന്നി വനം ഡിവിഷനുകളിലൂടെ കടന്നു പോകുന്ന കാനന പാത വീതി കൂട്ടണമെങ്കിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഇത് ലഭിച്ചിട്ടില്ല. റോഡ് നിർമ്മാണത്തിനായി ഏറ്റെടുക്കേണ്ട വന ഭൂമിയുടെ സർവേയും പൂർത്തിയായിരുന്നു. നിലവിലുള്ള പാത സഞ്ചാരയോഗ്യമല്ല. സംസ്ഥാന പാതയിൽ എലിയറക്കലിൽ ഈ റോഡിന്റെ സൂചന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ശബരിമല ദർശനം കഴിഞ്ഞ് പകുതിയിൽ അധികം ആളുകളും അച്ഛൻകോവിൽ ക്ഷേത്രത്തിൽ എത്തിചേരാൻ ഈ പാതയാണ് ഉപയോഗിക്കുന്നത്. ഗൂഗിൾ മാപ്പിലും ഈ റോഡ് ഇടം നേടിയിട്ടുണ്ട്. റോഡ് തകർച്ച കൂടാതെ ഈ വഴി വാഹനങ്ങൾ കടന്നു പോകുന്നതിൽ വനം വകുപ്പിന്റെ തടസവും യാത്രക്കാരെ വലക്കുന്നു. എലിയറക്കലിൽ നിന്നും യാത്ര ചെയ്ത് കല്ലേലി ചെക്ക് പോസ്റ്റിൽ എത്തുമ്പോൾ ആണ് യാത്രക്ക് നിയന്ത്രണം ഏർപെടുത്തിയ വിവരം അയ്യപ്പ ഭക്തർ അറിയുന്നത്. ഇതോടെ വാഹനങ്ങൾ തിരികെ പോകും.
ഇരു ചക്ര വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. നടുവത്തുമൂഴി വന മേഖലയിലെ ചപ്പാത്ത് തകർന്നു കിടക്കുന്നതും യാത്രാ ക്ലേശം സൃഷ്ടിക്കുന്നു. വർഷങ്ങൾക്ക് മുൻപ് വനം വകുപ്പിന്റെ അധീനതയിലുള്ള ഈ റോഡിലെ 300 മീറ്റർ ഭാഗം ടാർ ചെയ്തിരുന്നു. എന്നാൽ ശക്തമായ മഴയിൽ റോഡ് ടാറിങ് ഇളകി കുഴി രൂപ പെട്ടിരുന്നു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഈ വഴി വനം വകുപ്പ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. റോഡ് സഞ്ചാര യോഗ്യമയാൽ ചെങ്കോട്ട, തിരുനെൽവേലി, തെങ്കാശി എന്നിവടങ്ങളിൽ നിന്നും ശബരിമലക്ക് വരുന്ന തീർഥാടകർക്ക് ആര്യങ്കാവ്, തെന്മല, ഇടമൺ, പുനലൂർ വഴിയുള്ള ചുറ്റി കറക്കം ഒഴിവാക്കാൻ കഴിയും. അതുപോലെ കൊല്ലം, തിരുമംഗലം ദേശീയ പാതയിൽ എസ് വളവിൽ ഉണ്ടാകുന്ന തിരക്കും ഒഴിവാക്കാം. കല്ലേലി ചെക് പോസ്റ്റ് മുതൽ കൊക്കാത്തോട് പാലം വരെയുള്ള റോഡിന്റെ വശങ്ങൾ മണ്ണിട്ട് നികത്താത്തത് കാരണം രണ്ട് വാഹനങ്ങൾക്ക് ഇരു വശങ്ങളിലേക്കും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനും പരിഹാരം ആവശ്യമാണ്. അനുബന്ധമായ റോഡുകളിൽ പലയിടത്തും അറ്റകുറ്റപണികളും കാട് തെളിക്കുന്ന ജോലികളും ഇനിയും പൂർത്തിയാകാനുണ്ട്.