പന്തളം: പന്തളം നഗരസഭയിൽ ചെയർമാനായി ബിജെപിയിലെ അച്ചൻ കുഞ്ഞുജോണും ഡെപ്യൂട്ടി ചെയർപേഴ്സണായി യു രമ്യയും തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിലെ വിമത സ്വരം ഉയർത്തിയവരെയും സ്വതന്ത്രനെയും ഒപ്പം നിർത്തിയാണ് ബിജെപി ഭരണത്തുടർച്ച നേടിയത്. കഴിഞ്ഞ ആറിന് നഗരസഭ ചെയർപേഴ്സൺ ആയിരുന്ന സുശീല സന്തോഷ്, ഡെപ്യൂട്ടി ചെയർപേഴ്സണൽ യു രമ്യ എന്നിവർക്കെതിരെ ബിജെപി വിമതന്റെയും സ്വതന്ത്രൻ്റെയും പിന്തുണയോടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചച്ചെടുക്കേണ്ടതിൻ്റെ തലേന്നാൾ ഇരുവരും രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. തിങ്കളാഴ്ച രാവിലെ 11ന് നഗരസഭ കോൺഫറൻസ് ഹാളിൽ റിട്ടേണിംഗ് ഓഫീസർ വി എസ് അംബികയുടെ മേൽനോട്ടത്തിൽ ആയിരുന്നു തെരഞ്ഞെടുപ്പ്.
ചെയർമാൻ തെരഞ്ഞെടുപ്പിൽ നിന്നും യുഡിഎഫിലെ കോൺഗ്രസ് കൗൺസിലർമാർ വിട്ടു നിന്നു. എന്നാൽ യുഡിഎഫ് കൗൺസിലറും കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗവുമായ കെ ആർ രവി എത്തിയെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല. എന്നാൽ ഉച്ചയ്ക്ക് ശേഷം നടന്ന ഡെപ്യൂട്ടി ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ കെ ആർ രവി വിട്ടുനിന്നു. മറ്റ് യുഡിഎഫ് അംഗങ്ങളും വോട്ട് ചെയ്യാൻ എത്തിയില്ല. ബിജെപി സ്ഥാനാർത്ഥിയായി അച്ചൻകുഞ്ഞ് ജോണിൻ്റെ പേര് മുൻ നഗരസഭ ചെയർപേഴ്സണൽ സുശീല സന്തോഷ് നിർദ്ദേശിച്ചപ്പോൾ താൽക്കാലിക ചെയർമാൻ ബെന്നി പി മാത്യു പിന്താങ്ങി.
എൽഡിഎഫിലെ ലസിത ടീച്ചറിൻ്റെ പേര് ഷെഫിൻ റജീബ് ഖാൻ നിർദ്ദേശിച്ചപ്പോൾ ടി കെ സതി പിന്തുണച്ചു. തെരഞ്ഞെടുപ്പിൽ 29 കൗൺസിലർമാർ പങ്കെടുത്തു. അച്ചൻകുഞ്ഞ് ജോൺ 19 വോട്ടും ലസിതാ നായർ ഒമ്പത് വോട്ടും നേടി. ഭൂരിപക്ഷ വോട്ട് ലഭിച്ച അച്ചൻകുഞ്ഞ് ജോണിനെ ചെയർമാനായി തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ വി എസ് അംബിക പ്രഖ്യാപിച്ചു. ഉച്ചക്ക് ശേഷം നടന്ന ഡെപ്യൂട്ടി ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ സിപിഐയിലെ വി ശോഭന കുമാരി ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. അജിത കുമാരി ശോഭനയുടെ പേര് നിർദ്ദേശിച്ചപ്പോൾ എച്ച് സക്കീർ പിന്താങ്ങി. ബിജെപിയിലെ യു രമ്യയുടെ പേര് സൂര്യ എസ് നായർ നിർദ്ദേശിച്ചപ്പോൾ രശ്മി രാജീവ് പിന്താങ്ങി. വോട്ടെടുപ്പിൽ ഒമ്പതിനെതിരെ 19 വോട്ടുകൾ നേടി യു രമ്യ വിജയിച്ചു. സ്വതന്ത്രൻ രാധാകൃഷ്ണൻ ഉണ്ണിത്താൻ ബിജെപി സ്ഥാനാർത്ഥികളെ പിന്തുണച്ചു. ബിജെപി- 18, എൽഡിഎഫ് – ഒമ്പത്, യുഡിഎഫ് – അഞ്ച്, സ്വതന്ത്രൻ – ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.