ബീച്ചിലും പാതയോരങ്ങളിലെ ചെറുകടകളിലുമെല്ലാം കുപ്പികളില്‍ നിരത്തിവെച്ചിരിക്കുന്ന ഉപ്പിലിട്ടത് കണ്ടാല്‍ വായില്‍ വെള്ളമൂറാത്തവരില്ല. നെല്ലിക്ക, മാങ്ങ, പൈനാപ്പിള്‍, പേരക്ക, കാരറ്റ് തുടങ്ങി പ്രാദേശികമായി കിട്ടുന്ന പഴങ്ങളും പച്ചക്കറികളും വരെ ഇത്തരത്തില്‍ ഉപ്പിലിട്ട് വില്‍പന നടത്തുന്ന കച്ചവടക്കാരുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും കാര്യമായ സുരക്ഷ ഉറപ്പാക്കാതെയാണ് ഇത്തരം കച്ചവടങ്ങള്‍ പൊടിപൊടിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
കാസര്‍കോഡ് നിന്നും കോഴിക്കോട്ടേക്ക് വിനോദയാത്രക്കെത്തിയ മദ്രസ വിദ്യാര്‍ത്ഥികള്‍ വരക്കല്‍ ബീച്ചില്‍ നിന്ന് ഉപ്പിലിട്ടത് വാങ്ങിക്കഴിക്കുന്നതിനിടെ കടയിലിരുന്ന കുപ്പിയിലെ ഒരു ലായനി വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് എടുത്ത് കുടിക്കുകയും, തൊണ്ടയും അന്നനാളവുമടക്കം പൊള്ളി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തുവെന്നതാണ് വാര്‍ത്ത. ഉപ്പിലിട്ടത് കഴിക്കവേ എരിവ് തോന്നിയപ്പോള്‍ വെള്ളമാണെന്ന് കരുതി കുപ്പിയിലിരുന്ന ലായനി എടുത്ത് കുടിച്ചതായിരുന്നു കൂട്ടത്തിലെ ഒരു വിദ്യാര്‍ത്ഥി.
വായ പൊള്ളിയ ഉടനെ തന്നെ വിദ്യാര്‍ത്ഥി അത് പുറത്തേക്ക് തുപ്പി. ഇത് തൊട്ടടുത്ത് നിന്നിരുന്ന വിദ്യാര്‍ത്ഥിയുടെ തോളിലേക്ക് ആവുകയും തോള്‍ഭാഗം പൊള്ളുകയും ചെയ്തു. ലായനി വായിലേക്ക് ആക്കിയ വിദ്യാര്‍ത്ഥിയുടെ തൊണ്ടയും അന്നനാളവും പൊള്ളിയിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ആന്തരീകാവയവങ്ങള്‍ക്ക് കൂടുതലായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ എന്‍ഡോസ്‌കോപ്പി പോലുള്ള വിശദ പരിശോധനകള്‍ നടത്തേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.