കോഴിക്കോട് : ഹരിത വിവാദവുമായി ബന്ധപ്പെട്ട് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെ നടപടി. വൈസ് പ്രസിഡന്റ് പി.പി ഷൈജലിനെ എല്ലാ പദവികളില്‍ നിന്നും നീക്കി. ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് നടപടി. അച്ചടക്ക ലംഘനം നടത്തിയതിനാണ് നടപടിയെന്നാണ് മുസ്ലിം ലീഗിന്റെ വിശദീകരണം.
പി. പി ഷൈജലിനെതിരെ നടപടി സ്വീകരിച്ച കാര്യം മുസ്ലിം ലീഗിന്റെ ഔദ്യോഗിക മുഖപത്രത്തിലെ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ഗുരുതരമായ അച്ചടക്ക നടപടിയാണ് ഷൈജലിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും മുസ്ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസസ്ഥാനത്തിലാണ് നടപടിയെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
എംഎസ്എഫ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്റ് പി.കെ നവാസ് അശ്ലീല പരാമര്‍ശം നടത്തിയെന്ന് കാണിച്ച് ഹരിത ഭാരവാഹികള്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. മലപ്പുറം ജില്ലയില്‍ നിന്നും സമാനമായി പരാതി ഉയര്‍ന്നു. എന്നാല്‍ പരാതിയില്‍ ലീഗ് നേതൃത്വം നടപടി സ്വീകരിച്ചില്ല.
തുടര്‍ന്ന് ഹരിത നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചു. ഇതിനിടെ ഹരിത നേതാക്കള്‍ക്ക് നീതി കിട്ടിയില്ലെന്ന് ആരോപിച്ച് ഷൈജല്‍ പരസ്യമായി രംഗത്തു വന്നിരുന്നു. ഹരിതയെ പിന്തുണച്ച ഫാത്തിമ തഹ്‌ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നാലെയാണ് ഷൈജലിനെതിരെയുള്ള നടപടി.