കൊല്ലം : സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആയ പി.എസ് സുപാലിനും ആര്‍. രാജേന്ദ്രനുമെതിരെ സി.പി.ഐയുടെ അച്ചടക്ക നടപടി. കൊല്ലം ജില്ലാ ഘടകത്തിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് സംസ്ഥാന കൗണ്‍സില്‍ നടപടിയെടുത്തത്. എന്നാല്‍ ഒരേ കുറ്റം ചെയ്ത രണ്ട് പേര്‍ക്കുമെതിരെ വ്യത്യസ്ത നടപടികള്‍ സ്വീകരിച്ചതില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ കാനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു.
ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് സി.പി.ഐയില്‍ രണ്ട് പ്രധാന നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ എത്തിയിരുന്നു. ഇതേതുടര്‍ന്ന് തെരഞ്ഞെടുപ്പ് പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്നു. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ഇരുവരോടും സംസ്ഥാന എക്സിക്യൂട്ടീവ് വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് നടപടി. സുപാലിനെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം. രാജേന്ദ്രനെ താക്കീത് ചെയ്യുവാനുമാണ് തീരുമാനം.
ഇതിനെതിരെ മന്ത്രി വി.എസ് സുനില്‍ കുമാര്‍ വിമര്‍ശനം ഉന്നയിച്ചു. ഒരേകുറ്റം ചെയ്ത രണ്ട് പേര്‍ക്കെതിരെ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും ഉചിതമായ സമയത്തല്ല നടപടിയെന്നും സുനില്‍ കുമാര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിനെതിരെ നിലപാട് മാറ്റിയതില്‍ ചില നേതാക്കള്‍ കാനത്തിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചതായും സൂചനയുണ്ട്. പാര്‍ട്ടിയെ കാനം എകെജി സെന്‍റില്‍ കൊണ്ട് പോയി കെട്ടിയെന്ന തരത്തില്‍ ചില നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചതായാണ് വിവരം.