ന്യൂഡൽഹി: ജാമ്യത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ ഡൽഹി റൗസ് അവന്യൂ കോടതിയിലെ ജഡ്ജിക്കും ക്ലർക്കിനുമെതിരെ നടപടി. ജഡ്ജിയെ റൗസ് അവന്യൂവിൽ നിന്നും സ്ഥലംമാറ്റി. ക്ലർക്കിനെ പ്രതി ചേർത്ത് ആന്റി കറപ്ഷൻ ബ്യൂറോ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ജിഎസ്ടി തട്ടിപ്പ് കേസിലെ പ്രതികളോട് ഒരു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടന്നാണ് പരാതി. സംഭവത്തിൽ ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നിരന്തരം അന്വേഷണം നടത്തി ഇക്കാര്യങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കുകയും അന്വേഷണം നടത്താൻ അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
എന്നാൽ ജഡ്ജിയെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകൾ ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് ലഭിച്ചിരുന്നില്ല.പിന്നീട് കോടതിയിലെ ബെഞ്ച് ക്ലർക്കിന്റെ വാട്‌സ്ആപ്പ് ഓഡിയോ സന്ദേശം ആന്റി കറപ്ഷന്‍ ബ്യൂറോ പരിശോധിക്കുകയും ഒരു കോടി രൂപ കൈക്കൂലി നല്‍കാതെ ജിഎസ്ടി തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കില്ലെന്ന് ഇയാൾ ഓഡിയോ സന്ദേശത്തില്‍ പറഞ്ഞതായി കണ്ടെത്തുകയും ചെയ്തു. ജാമ്യം ലഭിച്ചാല്‍ അത് ഇല്ലാതാക്കാനുള്ള അധികാരമുണ്ടെന്ന തരത്തിലുള്ള ഭീഷണി സന്ദേശവും ക്ലര്‍ക്കില്‍ നിന്നുണ്ടായിരുന്നു. പിന്നാലെയാണ് ക്ലര്‍ക്കിനെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ്‌ഐആറില്‍ ജഡ്ജിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല.