മല്ലപ്പള്ളി: സ്നേഹത്തിലധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് ഐക്യതയ്ക്കു കാരണമാകുന്നതെന്ന് മാർത്തോമ്മാ സഭ കോട്ടയം കൊച്ചി ഭദ്രാസനാധിപൻ തോമസ് മാർ തിമൊഥെയോസ് പറഞ്ഞു. മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവൻഷൻ്റെ സമാപന സമ്മേനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമ്പന്നതയുടെ മധ്യത്തിലും വിശ്വാസത്തിൻ്റെ അനിവാര്യതയും വചനത്തിൻ്റെ പ്രാധാന്യവും ക്രൈസ്തവ സമൂഹം തിരിച്ചറിയണം, വിശ്വാസത്തിൻ്റെ ദൃഢീകരണം കാലഘട്ടത്തിൻ്റെ ആവശ്യമാണ്. വിശ്വാസികളുടെ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ദൈവസ്നേഹത്തിൻ്റെ ദൃശ്യഭാവമാണെന്നും അദ്ദേഹം പറഞ്ഞു.
കൺവൻഷൻ വൈസ് പ്രസിഡൻ്റ് റവ.ഡോ.കോശി പി.വർഗീസ് അധ്യക്ഷത വഹിച്ചു. റവ. തോമസ് സി.വർഗീസ് പ്രാരംഭ പ്രാർത്ഥനയും ഇവാഞ്ചലിസ്റ്റ് ഡി. ജോൺ മധ്യസ്ഥ പ്രാർത്ഥനയും നടത്തി. മേരി വർഗീസ് പാഠം വായിച്ചു. കൺവൻഷൻ പ്രസിഡൻ്റ് റവ: പ്രവീൺ ജോർജ് ചാക്കോ, ഇവാഞ്ചലിസ്റ്റ് വർഗീസ് തോമസ്, ബെന്നീസ് ജോൺ എന്നിവർ പ്രസംഗിച്ചു. റവ. പ്രവീൺ ജോർജ് ചാക്കോ സമാപന പ്രാർത്ഥന നടത്തി. കൺവൻഷൻ പ്രസംഗങ്ങളടങ്ങിയ വചന ധ്വനി പ്രത്യേക പതിപ്പിൻ്റെ പ്രകാശനം പബ്ലിസിറ്റി കൺവീനർമാരായ റവ. ജയിംസ് ഡേവിഡ്, സാജൻ ഏബ്രഹാം, മാത്യൂസ് സി, മാത്യു എന്നിവർക്കു നൽകി തോമസ് മാർ തിമൊഥെയോസ് നിർവ്വഹിച്ചു.
രാവിലെ നടന്ന യോഗത്തിൽ കല്ലുമല സി.എസ്.ഐ.ഇടവക വികാരി റവ.വിജു വർക്കി ജോർജ് പ്രസംഗിച്ചു. ദൈവത്തോട് ചേർന്ന് നടക്കുന്നതിലൂടെ വിജയകരമായ ക്രൈസ്തവ ജീവിതം സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. റവ.തോമസ് ഈശോ അധ്യക്ഷത വഹിച്ചു. റവ.കുര്യൻ തോമസ് പ്രാരംഭ പ്രാർത്ഥനയും കെ.ഇ.തോമസ് മധ്യസ്ഥ പ്രാർത്ഥനയും നടത്തി. സോഫി ജോൺ പാഠം വായിച്ചു. വി.റ്റി.തോമസ്, ബാബു ഉമ്മൻ പനവേലിൽ എന്നിവർ പ്രസംഗിച്ചു. റവ.അച്ചൻകുഞ്ഞ് മാത്യു സമാപന പ്രാർത്ഥന നടത്തി.