കോഴിക്കോട് : ദീപാവലിമധുരം ബേക്കറികളിലെ ചില്ലുകൂടുകളിൽ പല വർണങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞതവണ കോവിഡ് തകർത്ത ദീപാവലി വിപണി ഇത്തവണ ഉയിർത്തെഴുന്നേൽക്കുകയാണ്. ദീപങ്ങളുടെ ഉത്സവത്തെ വരവേൽക്കാൻ നേരത്തേതന്നെ നഗരത്തിലെ ബേക്കറികളും സ്ഥാപനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഇഷ്ടമധുരവിഭവം തേടി ബേക്കറികളിലേക്കെത്തുന്നവരുടെ എണ്ണത്തിലും വർധനയുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. മിക്ക സ്ഥാപനങ്ങളും വിപണനത്തിനായി പ്രത്യേക കൗണ്ടറുകൾ തുറന്നു. മറ്റുജില്ലകളെ അപേക്ഷിച്ച് ദീപാവലി വിപണി കൂടുതൽ സജീവമാണ് കോഴിക്കോട്. രാജസ്ഥാനിൽനിന്നും ബംഗാളിൽനിന്നുമെല്ലാം തൊഴിലാളികളെ എത്തിച്ചാണ് ദീപാവലി മധുരം തയ്യാറാക്കുന്നത്.
മുൻവർഷങ്ങളിൽ ‘ബംഗാളി സ്വീറ്റ്സി’ നാണ് ആവശ്യക്കാരേറെയെങ്കിൽ ഇത്തവണ പാലിൽനിന്നുണ്ടാക്കുന്ന ‘കലാകന്ദ്’ സ്വീറ്റ്സിനാണ് ആവശ്യക്കാരേറെയെന്ന് കോഴിക്കോടൻ ബേക്കറിയിലെ ജീവനക്കാർ പറയുന്നു. പാലിലുണ്ടാക്കുന്ന മധുരത്തിനാണ് വില കൂടുതൽ. 500 മുതൽ 1000 രൂപവരെ കിലോയ്ക്ക് നൽകണം. അതേസമയം ബംഗാളിസ്വീറ്റ്സ് 300 രൂപ മുതൽ ലഭിക്കും. ലഡു, ജിലേബി, ഹൽവ, മൈസൂർ പാക്ക് തുടങ്ങിയവയ്ക്കും ആവശ്യക്കാരുണ്ട്. അത്തിപ്പഴത്തിൽ തയ്യാറാക്കുന്ന അഞ്ചീർ സ്വീറ്റ്സ്, കടലമാവും പഞ്ചസാരയും വറുത്തുണ്ടാക്കുന്ന ബേസാൻ ലഡു, മോട്ടിപാക്ക്, മോട്ടി ചൂർലഡു, വിവിധതരം പേടകൾ, ബർഫികൾ എന്നിവ അന്വേഷിച്ചും മധുരപ്രിയരെത്തുന്നുണ്ട്.