പത്തനാപുരം : അമച്വര്‍ നാടകവേദിയിലെ നിറസാന്നിധ്യവും നടനും സംവിധായകനുമായ അഹമ്മദ് മുസ്ലിം അന്തരിച്ചു. പ്രശസ്ത നാടക 64 വയസ്സായിരുന്നു. ഇന്ന് രാവിലെ 7.30-നായിരുന്നു അന്ത്യം. ദീര്‍ഘകാലമായി പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയാണ്. മൃതദേഹം സ്വദേശമായ കരുനാഗപ്പള്ളിയിലേക്കു കൊണ്ടുപോകും.
ശാസ്താംകോട്ട ഡി ബി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഹമ്മദിനെ ജി ശങ്കരപ്പിള്ളയാണ് നാടകവേദിയിലേക്ക് കൈപ്പിടിച്ചത്. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ രണ്ടാം ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു അഹമ്മദ് മുസ്ലിം. നടനും എഴുത്തുകാരനുമായി പി ബാലചന്ദ്രന്‍, സംവിധായകന്‍ ശ്യാമപ്രസാദ് എന്നിവര്‍ക്കൊപ്പമാണ് സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും അഹമ്മദ് പഠിച്ചിറങ്ങിയത്. സഹപാഠികള്‍ സിനിമയുടെ വഴിയെ പോയപ്പോഴും അഹമ്മദ് നാടകവഴിയില്‍ തന്നെ തന്റെ യാത്ര തുടര്‍ന്നു.
കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശിയായ അഹമ്മദ് മുസ്ലീം പ്രിയദര്‍ശന്‍, ലെനിന്‍ രാജേന്ദ്രന്‍, രാജീവ് നാഥ് എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന് നാടകവേദിയില്‍ ഏറെ ശിഷ്യന്മാരുമുണ്ട്.