തിരുവനന്തപുരം: കേരളത്തില്‍ ബിജെപി രക്ഷപ്പെടില്ലെന്ന് നടന്‍ ഭീമന്‍ രഘു. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ കെ സുരേന്ദ്രന്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഭീമന്‍ രഘു വിമര്‍ശിച്ചു. സിപിഎം കൃത്യമായ നിലപാടുള്ള പാര്‍ട്ടിയാണ്. ഇന്ന് എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബിജെപി പ്രവര്‍ത്തകനും പത്തനാപുരം നിയമസഭാ സ്ഥാനാര്‍ത്ഥിയുമായിരുന്നു ഭീമന്‍ രഘു. ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇനി മുതല്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിക്കൊപ്പമാണ് ഭീമന്‍ രഘു എകെജി സെന്ററില്‍ എത്തിയത്. ചുവന്ന പൊന്നാട അണിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ സ്വീകരിച്ചതായി ഭീമന്‍ രഘു പറഞ്ഞു. മന്ത്രിമാരായ വി അബ്ദുറഹ്മാനും ശിവന്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. ചിന്തിക്കാന്‍ കഴിയുന്നവര്‍ക്ക് ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കഴിവുകള്‍ കാണിക്കാന്‍ അവസരം ബിജെപി തരുന്നില്ല. 2014 ലെ തിരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസം അനുഭവിച്ചു. പല സ്ഥലത്തും ചെന്ന സമയത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ലെന്നും അതൊക്കെ മനപ്രയാസം ഉണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി രക്ഷപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.