മലയാള സിനിമയില്‍ അരനൂറ്റാണ്ട് തികച്ച നടന്‍ മമ്മൂട്ടിക്ക് ആദരമര്‍പ്പിച്ച് വലിയ രീതിയില്‍ പരിപാടി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം നിരസിച്ച് താരം. തീരുമാനത്തെ എതിർക്കാനുള്ള കാരണത്തെ കുറിച്ച് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ഡ്രോളറുമായ ബാദുഷ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ആണ് വൈറൽ ആയി മാറിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഈ ചിലവ് ചുരുക്കിയുള്ള തീരുമാനത്തിൽ വളരെ അധികം സന്തോഷം ഉണ്ടെന്നും, കോവിഡ് കാലത്ത് മമ്മൂക്ക കാണിക്കുന്ന ശ്രദ്ധയില്‍ അദ്ദേഹത്തോട് വലിയ ആദരവ് തോന്നുന്നുണ്ടെന്നും , ബാദുഷ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
“ഇന്ന് മനസിന് ഏറെ കുളിര്‍മയും സന്തോഷവും നല്‍കുന്ന ഒരു സംഭവമുണ്ടായി. ഞാനും ആന്റോ ചേട്ടനും (ആന്റോ ജോസഫ് ) പതിവു പോലെ വൈകിട്ട് മമ്മുക്കയുടെ വീട്ടില്‍ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മമ്മുക്കയ്ക്ക് ഒരു ഫോണ്‍ വിളി എത്തുന്നത്. ഫോണിന്‍റെ അങ്ങേ തലയ്ക്കല്‍ ബഹുമാനപ്പെട്ട സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ സാര്‍ ആയിരുന്നു അത്. മമ്മുക്ക സിനിമയില്‍ എത്തിയതിന്‍റെ 50-ാം വര്‍ഷത്തില്‍ സര്‍ക്കാര്‍ വലിയ ഒരു ആദരവ് നല്‍കുന്നത് സംബന്ധിച്ച് പറയാനായിരുന്നു മന്ത്രി വിളിച്ചത്.
എന്നാല്‍ മമ്മൂട്ടിയുടെ മറുപടിയാണ് എന്നെ സന്തോഷവാനാക്കിയത്. ജനങ്ങളുടെ പണം മുടക്കിയുള്ള വലിയ ആദരവ് എനിക്കു വേണ്ട, നിങ്ങള്‍ തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ രീതിയില്‍ സ്വീകരിക്കാം എന്നായിരുന്നു മറുപടി. ഈ കോവിഡ് കാലത്ത് മമ്മൂക്ക കാണിക്കുന്ന ശ്രദ്ധയില്‍ അദ്ദേഹത്തോട് വലിയ ആദരവ് തോന്നുന്നു. മമ്മുക്കയ്ക്ക് സല്യൂട്ട്.”