കൊച്ചി : മമ്മൂട്ടിക്കും കോവിഡ്, സിബിഐയുടെ അഞ്ചാം പതിപ്പിന്റെ ഷൂട്ടിങ് നിര്‍ത്തി വച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നത് വരും ദിവസങ്ങളില്‍ മറ്റ് സിനിമകളേയും ബാധിക്കും. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് അടക്കം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് താരങ്ങള്‍ക്കും കോവിഡ് എത്തുന്നത്. കോവിഡ് പ്രതിസന്ധിയില്‍ പല സിനിമകളുടെ റിലീസും മാറ്റി വച്ചു. ചിത്രീകരണത്തേയും കോവിഡ് വ്യാപനം ബാധിക്കുമെന്നാണ് പുറത്തു വരുന്ന സൂചന. കോവിഡ് ബാധിച്ചെങ്കിലും മമ്മൂട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇന്നലെ രാത്രി ഷൂട്ടിംഗിലായിരുന്നു മമ്മൂട്ടി. അതു കഴിഞ്ഞ് ഇന്ന് രാവിലെ ചെറിയ തൊണ്ട വേദനയുണ്ടായിരുന്നു. ഇതോടെയാണ് കോവിഡ് പരിശോധന നടത്തിയത്. ഇത് പോസിറ്റീവായി. ഇതോടെ ഷൂട്ടിംഗും മറ്റും വേണ്ടെന്ന് വയ്ക്കുകയായിരുന്നു. രണ്ടാഴ്ച ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം വീണ്ടും കെ.മധുവിന്റെ സിനിമ പുനരാരംഭിക്കും. ബയോ ബബിള്‍ ഒരുക്കിയാണ് ചിത്രീകരണം നടന്നിരുന്നത്. ഇതിലേക്ക് കോവിഡ് എത്തിയത് സിനിമാക്കാരേയും ഞെട്ടിച്ചു. ഈ സാഹചര്യത്തില്‍ ഷൂട്ടിങ് നടക്കുന്ന ചിത്രങ്ങളെല്ലാം ആശങ്കയിലാണ്.
കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ ചിത്രീകരണം നിര്‍ത്തേണ്ടി വരും. ഓമിക്രോണ്‍ ഭീതി സിനിമയേയും ബാധിച്ചേക്കും എന്ന് വ്യക്തമാക്കുന്നതാണ് മമ്മൂട്ടിയുടെ രോഗം. മോഹന്‍ലാലിന്റെ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടിന്റെ റീലീസിനെ അടക്കം കോവിഡ് ഭീതി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ഈ സിനിമ ഫെബ്രുവരിയില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ഭീതി മാറാതെ ആഗോള റിലീസ് സാധ്യമല്ലാത്ത സാഹചര്യത്തിലാണ് ഇത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഓമിക്രോണില്‍ അതിവ്യാപനമാണ്. വിദേശത്തും ഇതു തന്നെയാണ് അവസ്ഥ. ഈ സാഹചര്യത്തില്‍ ആറാട്ടിന്റെ ആഗോള റിലീസിന് അനുകൂല സാഹചര്യം ഇപ്പോഴില്ലെന്നാണ് വിലയിരുത്തല്‍.