കൊച്ചി : കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിച്ച് ആൾക്കൂട്ടവും ആഘോഷവും ഒഴിവാക്കി നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി. മരട് സ്വദേശിയായ അജ്ഞലിയാണ് വധു. ആർഭാടങ്ങൾ ഒഴിവാക്കിയുള്ള വിവാഹം തന്നെയാണ് താൻ ആഗ്രഹിച്ചിരുന്നതെന്ന് മണികണ്ഠൻ പ്രതികരിച്ചു. പ്രണയ വിവാഹമാണ് ഇരുവരുടേയും.
ഒരു ഉത്സവത്തിനിടെയാണ് മണികണ്ഠൻ അജ്ഞലിയെ പരിചയപ്പെടുന്നത്. ഒന്നര വർഷമായി ഇരുവർക്കും പരസ്പരം അറിയാം. ഇരുവരുടെയും വിവാഹ സിശ്ചയം ആറ് മാസങ്ങൾക്ക് മുൻപാണ് നടന്നത്. നാടക വേദികളിൽ സജീവമായിരുന്ന മണികണ്ഠൻ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട കമ്മട്ടിപാടത്തിലെ ബാലൻ എന്ന കഥാപാത്രത്തിന് ശേഷം നിരവധി മലയാള സിനിമകളിലും തമിഴ് സിനിമകളിലും അദ്ദേഹം വേഷമിട്ടു.