വര്‍ഗീയ വിദ്വേഷം ഉളവാക്കുന്ന പ്രസ്താവനയുമായി വീണ്ടും നടന്‍ നസീറുദ്ദീന്‍ ഷാ. മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം വളരെ സമര്‍ത്ഥമായി ആളിക്കത്തിക്കുക മാത്രമല്ല, ഇക്കാലത്ത് അതൊരു ഫാഷനായി മാറിയിരിക്കുകയാണെന്നുമാണ് നടന്റെ പ്രസ്താവന. മുഗളന്മാരെ പ്രകീര്‍ത്തിക്കേണ്ട കാര്യമില്ലെന്നും എന്നാല്‍ അവരെ അപകീര്‍ത്തിപ്പെടുത്തരുതെന്നും നസീറുദ്ദീന്‍ ഷാ പറഞ്ഞു. ചില ഷോകളും സിനിമകളും പ്രചരണവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, സ്‌ക്രീനില്‍ നടക്കുന്നതെന്തും അടിസ്ഥാന യാഥാര്‍ത്ഥ്യത്തിന്റെ കണ്ണാടിയാണെന്നാണ് നസീറുദ്ദീന്‍ ഷായുടെ മറുപടി.
തെരഞ്ഞെടുപ്പുകളില്‍ വോട്ടിനായി ഇസ്ലാമോഫോബിയ ലജ്ജയില്ലാതെ ഉപയോഗിക്കുന്നുണ്ടെന്നും അതിന്റെ ഫലം സിനിമാ സ്‌ക്രീനിലും ദൃശ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എല്ലാത്തിലും മതം അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതെല്ലാം നിശബ്ദമായി നിരീക്ഷിക്കുകയാണ്. അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞ് ഏതെങ്കിലും മുസ്ലീം നേതാവ് വോട്ട് ചോദിച്ചാല്‍ ബഹളമുണ്ടാകുന്നുവെന്നുമാണ് ഷായുടെ പ്രസ്താവന.