കൊച്ചി : ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ് നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കല്‍ മരിച്ചു. 44 വയസായിരുന്നു. കൊച്ചിന്‍ കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. ആശുപത്രിയില്‍ എത്തിക്കാനായി അഭ്യർത്ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
ബണ്ട് റോഡില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ടെലിഫിലിമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. മാലിന്യം കിടക്കുന്നതു കണ്ട് പ്രതികരിക്കുന്ന സായിപ്പിന്റെ വേഷമായിരുന്നു പ്രബിഷീന്.
തന്റെ വേഷം അഭിനയിച്ചതിന് ശേഷമാണ് കുഴഞ്ഞു വീണത്. രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ യാചിച്ചിട്ടും റോഡിലൂടെ പോയ വാഹനങ്ങള്‍ നിര്‍ത്തിയില്ല. പ്രബീഷ് ചക്കാലക്കല്‍ ഒട്ടേറെ ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്.
ജെഎസ്ഡബ്ല്യു സിമന്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനാണ്. സിഎസ്‌എസ് സംസ്ഥാന സമിതി അംഗമായും പ്രവര്‍ത്തിക്കുന്നു. കൊച്ചിന്‍ കൊളാഷ് ചാനലിന്റെ കൊറോണക്കാലത്തെ ഓണം എന്ന പരിപാടിയില്‍ മാവേലിയായി വേഷമിട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു. പിതാവ്: ചക്കാലക്കല്‍ സി.പി. ജോസഫ്. മാതാവ്: പരേതയായ റീത്ത. ഭാര്യ: ജാന്‍സി. മകള്‍: ടാനിയ. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മരട് മൂത്തേടം പള്ളിയില്‍.