കൊച്ചി : ഡാൻസാഫ് സംഘത്തിന്‍റെ പരിശോധനക്കിടെ ബുധനാഴ്ച രാത്രി കൊച്ചിയിലെ പി.ജി.എസ് വേദാന്ത ഹോട്ടലിൽ നിന്ന് ഓടി രക്ഷപെട്ട നടൻ ഷൈൻ ടോം ചാക്കോ പോലീസിൽ ഹാജരായി. ചോദ്യം ചെയ്യൽ തുടങ്ങിയതായാണ് റിപ്പോർട്ട്.എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് നടൻ ഹാജരായത്. പത്ത് മണിക്ക് കൊച്ചി നോർത്ത് സ്റ്റേഷനിൽ ഹാജരാകാൻ അവശ്യപ്പെട്ട് വെള്ളിയാഴ്ച പോലീസ് നോട്ടീസ് നൽകിയിരുന്നു. സെൻട്രൽ എ.സി.പി സി. ജയകുമാറിന്റെ നേതൃത്വത്തിലാകും ഷൈനെ ചോദ്യം ചെയ്യുക. പറഞ്ഞതിലും അരമണിക്കൂർ മുമ്പേ എത്തിയ നടനോടൊപ്പം അഭിഭാഷകരും ഉണ്ടായിരുന്നു. ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും.
32 ചോദ്യങ്ങൾ അടങ്ങിയ ചേദ്യാവലി പോലീസ് തയാറാക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രി കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നിന്ന് രക്ഷപെട്ടതിന്റെ കാരണം കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം തൃശൂർ കയ്പമംഗലത്തെ വീട്ടിലെത്തിയ എറണാകുളം ടൗൺ നോര്‍ത്ത് സ്റ്റേഷനിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ ഷൈനിന്‍റെ പിതാവ് ചാക്കോക്ക് നോട്ടീസ് കൈമാറിയിരുന്നു. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഷൈൻ പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് പിതാവ് അറിയിക്കുകയായിരുന്നുവെങ്കിലും 10 മണിക്ക് മുമ്പായി ഷൈൻ എത്തിച്ചേരുകയായിരുന്നു. മറ്റൊരു ലഹരി ഇടപാടുകാരനെ തേടിയാണ് ബുധനാഴ്ച രാത്രി 10.45ഓടെ ഡാന്‍സാഫ് സംഘം കലൂരിലെ സ്വകാര്യ ഹോട്ടലിൽ എത്തിയത്.