കൊച്ചി: കോവിഡിനെ തുടര്‍ന്നുളള കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് സിനിമാ മേഖലയെ രക്ഷപ്പെടുത്താന്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായി. ഇന്നുനടന്ന ‘അമ്മ’യുടെ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും.
കോവിഡ് മൂലമുളള പ്രതിസന്ധി കണക്കിലെടുത്ത് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ പ്രതിഫലം പകുതിയെങ്കിലും കുറയ്ക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ചചെയ്യാതെ ഇത്തരമൊരു ആവശ്യം നിര്‍മ്മാതാക്കള്‍ ഉന്നയിച്ചതിനെതിരെ അമ്മയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. അതിനാലാണ് നിര്‍വാഹക സമിതിയോഗം കൂടിയതും തീരുമാനമെടുത്തതും.
യോഗം നടന്ന ഹോട്ടല്‍ സ്ഥിതിചെയ്യുന്ന ചക്കരപ്പറമ്പ് കണ്ടെയ്ന്‍മെന്റ്സോണായതിനാല്‍ യോഗം നിറുത്തിവച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു. അതേസമയം കണ്ടെയ്ന്‍മെന്റ്സോണില്‍ യോഗം നടത്തിയതിനെതിരെ ഹോട്ടലിനുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ചില പ്രവര്‍ത്തകര്‍ ഹോട്ടലിനുളളില്‍ കടന്നു എന്നും റിപ്പോര്‍ട്ടുണ്ട്.