മുംബെെ : ഭോജ്പുരി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടി അനുപമ പഥക് (40) മരിച്ച നിലയിൽ. മുംബെെയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. അനുപമയുടെ വീട്ടിൽ നിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മുംബെെയിലെ ഒരു പ്രൊഡക്ഷൻ കമ്പനിയിൽ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്നാൽ പറഞ്ഞ സമയത്ത് അവരത് തിരിച്ചു നൽകിയില്ലെന്നുമാണ് കുറിപ്പിലുള്ളത്.
മരിക്കുന്നതിന്റെ തലേ ദിവസം ഇവർ ഫേയ്സ്ബുക്കിൽ ലെെവായി വന്നിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.
”നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചും ആത്മഹത്യാ പ്രവണതയെക്കുറിച്ചും ആരോടെങ്കിലും നിങ്ങൾ പറയുകയാണെങ്കിൽ, ആ വ്യക്തി, അവൻ അല്ലെങ്കിൽ അവൾ എത്ര നല്ല സുഹൃത്താണെങ്കിലും, നിങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്ന് അവരെ അകറ്റിനിർത്താൻ ഉടനടി ആവശ്യപ്പെടും. അതിന് കാരണം നിങ്ങളുടെ മരണശേഷം അവർക്ക് പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ വേണ്ടിയാണ്.
മരിച്ചതിനുശേഷം ആളുകൾ നിങ്ങളെ കളിയാക്കുകയും മറ്റുള്ളവരുടെ മുന്നിൽ നിങ്ങളെ മോശമാക്കി ചിത്രീകരിക്കുകയും ചെയ്യും. അതിനാൽ ഒരിക്കലും നിങ്ങളുടെ പ്രശ്നങ്ങൾ ആരുമായും പങ്കിടരുത്, ആരെയും നിങ്ങളുടെ സുഹൃത്തായി കണക്കാക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്”- ഇതായിരുന്നു ഫേയ്സ്ബുക്ക് ലൈവിൽ അനുപമ പറഞ്ഞത്.
ബീഹാറിൽ ജനിച്ച അനുപമ ടെലിവിഷൻ സീരിയലുകളിലൂടെയാണ് സിനിമയിൽ എത്തുന്നത്. സിനിമയിൽ സജീവമാകുന്നതിന് വേണ്ടിയാണ് മുംബെെയിലേക്ക് താമസം മാറ്റിയത്.