പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നടി അനുശ്രീ എത്തിയതോടെ നാട്ടുകാരും ആവേശത്തില്‍. ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ പരസ്യപ്രചരണത്തിനിറങ്ങിയത്. വാര്‍ഡിലെ കോണ്‍ഗ്രസ് കുടുംബസംഗമത്തില്‍ പങ്കെടുത്താണ് അനുശ്രീ വോട്ട് തേടിയത്. കുടുംബ സംഗമത്തിലെ പ്രസംഗത്തിന് ശേഷം ആരാധകര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് താരം മടങ്ങിയത്.
അനുശ്രീയുടെ വളരെക്കാലമായുള്ള സുഹൃത്താണ് റിനോയ് വര്‍ഗീസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി റിനോയ് വര്‍ഗീസ് എത്തിയതോടെ വോട്ട് തേടി താരവും നാട്ടിലേക്കിറങ്ങി. റിനോയ് വിജയിച്ചുകഴിഞ്ഞാല്‍ നാട്ടുകാര്‍ക്ക് ചെയ്തുകൊടുക്കേണ്ടതെല്ലാം ചെയ്യുമെന്ന് തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും അതിനാലാണ് അദ്ദേഹത്തെ പിന്തുണച്ച് പ്രചാരണത്തിനിറങ്ങിയതെന്നും അനുശ്രീ പറഞ്ഞു.
കുടുംബസംഗമത്തിന് ശേഷം നാട്ടുകാരെല്ലാം നടിയോടൊപ്പമുള്ള സെല്‍ഫിക്കായി തിരക്കുകൂട്ടി. ആരെയും നിരാശപ്പെടുത്താതിരുന്ന അനുശ്രീ എല്ലാവര്‍ക്കുമൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു. ഡി.സി.സി, കെപിസിസി. നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നേരത്തെ ബാലഗോകുലത്തിന്റെ ശോഭയാത്രയില്‍ പങ്കെടുത്ത അനുശ്രീയെ ബിജെപി.യുമായി ബന്ധിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും ഇത് തന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നുമായിരുന്നു ഇക്കാര്യത്തില്‍ നടിയുടെ പ്രതികരണം. എന്തായാലും അനുശ്രീയുടെ സെല്‍ഫികളും പ്രസംഗവുമെല്ലാം ചെന്നീര്‍ക്കരയില്‍ വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.