എറണാകുളം: ദിലീപിന്റെ അഭിഭാഷകരുടെ ഫോണ്‍ സംഭാഷണം പുറത്ത് വന്നതില്‍ ക്രൈംബ്രാഞ്ചിനെതിരെ ബാര്‍ കൗണ്‍സിലിന് പരാതി. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് നിയമ വിരുദ്ധമാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ ബാര്‍ കൗണ്‍സില്‍ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അഡ്വ. സേതുരാമന്‍ പരാതി നല്‍കിയിരിക്കുന്നത്. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷനാണെന്നും അത് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നിയമവിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ബാര്‍ കൗണ്‍സില്‍ നിയമനടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു. നടിയെ ആക്രമിച്ച കേസില്‍ രാമന്‍ പിള്ളയും അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകരും ദിലീപിനോടും സഹോദരന്‍ അനൂപിനോടും ഭാര്യാസഹോദരന്‍ സുരജിനോടും സംസാരിക്കുന്നതിന്റെ ഓഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. കേസിന്റെ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാകാന്‍ സാധ്യത ഇല്ലെന്നും കേസില്‍ താനൊഴികെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.