കൊച്ചി : അതിജീവിതക്കൊപ്പമെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍. കേസന്വേഷണം സംബന്ധിച്ച് അതിജീവിത ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിക്കുള്ള മറുപടിയിലാണ് സര്‍ക്കാറിന്റെ പ്രഖ്യാപനം. ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവാമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. സര്‍ക്കാറിനും വിചാരണ കോടതി ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഹൈകോടതിയില്‍ അതിജീവിത ഹര്‍ജി നല്‍കിയത്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും പാതിവെന്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് അതിജീവിതക്കെതിരെ വിമര്‍ശനവുമായി ഭരണപക്ഷത്ത് നിന്നും മന്ത്രിമാര്‍ ഉള്‍പ്പടെ രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നീട് അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.