കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ചലച്ചിത്ര താരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറി. ഇന്നലെ കോടതിയില്‍ ഹാജരായ ഇരുവരും മൊഴി മാറ്റുകയായിരുന്നു. അതിനിടെ തുടര്‍ച്ചയായി സാക്ഷികള്‍ കൂറുമാറുന്നതിനെ തുടര്‍ന്ന് കേസില്‍ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.
അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇന്ന് കോടതിയില്‍ ഇവര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടികാട്ടിയാണ് താരത്തിനെതിരെ അന്വേഷണസംഘം കോടതിയെ സമീപിച്ചത്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഹര്‍ജി പരിഗണിക്കുക.
ദിലീപിനെതിരായ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റിയതിന് പിറകെയാണ് നടന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചത്. ദിലീപും മുഖ്യ പ്രതി സുനില്‍ കുമാറും തമ്മിലുള്ള ഗൂഢാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്റെ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന.