കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക സാക്ഷികളായ നടനും സംവിധായകനുമായ ലാലിനെയും കുടുംബത്തെയും നാളെ വിസ്തരിക്കും. പ്രതിഭാഗത്തിന്റെ വിസ്താരമാണ് നാളെ നടക്കുന്നത്. കേസിലെ മറ്റൊരു മുഖ്യസാക്ഷിയായ അഭിഭാഷകന്‍ ഇ. എസ് പൗലോസിന്റെ വിസ്താരം ഇന്നലെ പൂര്‍ത്തിയായിരുന്നു. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെയും എട്ടാം പ്രതിയായ ദിലീപിന്റെയും അഭിഭാഷകരാണ് പൗലോസിനെ വിസ്തരിച്ചത്.
കഴിഞ്ഞ മാസം ആദ്യം ലാലിന്റെയും കുടുംബാംഗങ്ങളുടെയും വിസ്താരം വാദിഭാഗം നടത്തിയിരുന്നു. അന്ന് ലാലിനൊപ്പം ഭാര്യയും മകളും കോടതിയില്‍ എത്തിയിരുന്നു. ലാലിന്റെ മകന്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ആക്രമണത്തിനു ശേഷം ക്വട്ടേഷന്‍ സംഘം ലാലിന്റെ വീടിന് സമീപമാണ് നടിയെ ഇറക്കിവിട്ടതും. ഇന്ന് സാക്ഷി വിസ്താരങ്ങളൊന്നും നടക്കുന്നില്ല. കഴിഞ്ഞ ദിവസം നടത്താനിരുന്ന നടി ഭാമയുടെ വിസ്താരം മറ്റൊരു ദിവസത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.