കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹബൂബ് അബ്ദുള്ളയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആവശ്യമെങ്കിൽ ശബ്ദ സാംപിളും ശേഖരിക്കും. ഇതിനായി കോടതിയിൽ അപേക്ഷ നൽകുന്നത് പരിഗണനയിലാണ്. സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ റെക്കോർഡിങ്ങുകളിൽ ഉള്ള എല്ലാവരുടെയും ശബ്ദ സാംപിളുകളും ശേഖരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നടൻ ദിലീപ്, ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ ശബ്ദ സാംപിളുകൾ ശേഖരിക്കാനും കോടതിയെ സമീപിക്കും.
ദിലീപിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, ഐ പാഡ്, പെൻ ഡ്രൈവ്, ഹാർഡ് ഡിസ്ക് എന്നിവ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയും. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ മുൻകൂർ ജാമ്യഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും