കൊച്ചി : പീഡനക്കേസിലെ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ച നടിയുടെ ഹര്‍ജിയുമായി ബന്ധപ്പെട്ട ഭരണ - പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ വാക്പോര്. തെരഞ്ഞെടുപ്പ് സമയത്ത് ഹര്‍ജി നല്‍കിയതിന് പിന്നില്‍ പ്രത്യേക താല്‍പര്യമുണ്ടോയെന്നായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രതികരണം. ഹര്‍ജിയില്‍ ദുരൂഹയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജയരാജന് പറഞ്ഞു. കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെ. എന്നാല്‍, നടി ഹര്‍ജി നല്‍കിയത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ജനങ്ങള്‍ക്ക് എല്ലാമറിയാം. മറ്റൊന്നും പറയാനില്ലാത്തതിനാല്‍ യു.ഡി.എഫ് ഇത് വിഷയമാക്കുകയാണെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
ജയരാജന് അതിജീവിതയെ അപമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കുറ്റപ്പെടുത്തി. മാന്യമായും സമാധാനപരമായും ജീവിക്കുന്ന ആളുകളെ അപമാനിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ചിരിക്കുന്ന ആളാണദ്ദേഹം. സമീപകാലത്താണ് അന്വേഷണം ദുര്‍ബലപ്പെടുത്തി പോലീസിന്റെ ഫ്യൂസ് ഊരിയത്. ഇക്കാര്യത്തില്‍ ജയരാജന് എന്തിനാണ് ഇത്ര പരിഭ്രാന്തനാകുന്നതെന്നും ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്ക് അന്വേഷണത്തിന് ഉത്തരവിടാവുന്നതാണല്ലോയെന്നും സതീശന് പറഞ്ഞു. ഇത് നാണം കെട്ട കേസാണെന്നായിരുന്നു മുന്‍ മന്ത്രി എം.എം മണിയുടെ പ്രതികരണം. നല്ല നടനായി വളര്‍ന്നു വന്നയാള്‍ എങ്ങനെ ഇതില്പെട്ടുവെന്ന് അറിയില്ല. കേസ് കോടതിയില്‍ എത്തിക്കുകയെന്നതിലപ്പുറം മുഖ്യമന്ത്രിക്കും സര്‍ക്കാറിനും ഒന്നും ചെയ്യാനില്ല. നടിയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ ശക്തികളുണ്ടെന്ന പ്രസ്താവനയുമായി മന്ത്രി ആന്റണി രാജുവും രംഗത്തെത്തി. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ ഒന്നും പറയാനില്ലെന്നായിരുന്നു മന്ത്രി പി.രാജീവിന്റെ പ്രതികരണം.
അതേസമയം, കേസ് അന്വേഷണത്തിന് എല്ലാ സ്വാതന്ത്ര്യവും പോലീസിന് നല്‍കിയിട്ടുണ്ടെന്നും ആരേയും തടയുന്നില്ലെന്നും വൈകിട്ട് പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. അന്വേഷണത്തില്‍ ഒരു ഇടപെടലും സര്‍ക്കാര്‍ നടത്തുന്നില്ല. പണ്ട് കേസുകളില്‍ വെള്ളം ചേര്‍ത്ത അനുഭവമുള്ളവരാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പിണറായി ഭരണത്തില്‍ സ്ത്രീസുരക്ഷ വെള്ളത്തില്‍ വരച്ച വരപോലെയായെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പിയുടെ പ്രതികരണം. കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും ഓഫിസ് കേന്ദ്രീകരിച്ച് തിരക്കിട്ട നീക്കമാണ് നടക്കുന്നത്. ഇതില്‍ അന്വേഷണം ആവശ്യമാണ്. അന്വേഷണം മരവിപ്പിക്കാന്‍ സി.പി.എം ഉന്നതര്‍ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും സുധാകരന് ആരോപിച്ചു.