കൊച്ചി: ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ വിശ്രമിക്കുന്ന ഉമ തോമസ് എം.എൽ.എയെ സന്ദർശിച്ച് നടി മഞ്ജുവാര്യർ. പാലാരിവട്ടത്തെ വസതിയിലെത്തിയാണ് മഞ്ജുവാര്യർ ഉമ തോമസിനെ സന്ദർശിച്ചത്. മഞ്ജുവിന്‍റെ സന്ദർശനം ഹൃദയത്തിൽ ഒരിക്കലും മായാത്ത ഓർമയായുണ്ടാകുമെന്നുംജീവിതം ഓരോ പരീക്ഷണങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടു വരുമ്പോഴും പരസ്പരം കരുതുന്ന നല്ല മനസുകൾ ഉണ്ടെങ്കിൽ അതിജീവിക്കാൻ എളുപ്പമാകുമെന്ന് ഉമ തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
ഉമ തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: അപ്രതീക്ഷിതമായൊരു ദുരന്തം ഏറ്റുവാങ്ങിയ ഈ ദിവസങ്ങളിൽ, നിങ്ങളുടെ പ്രാർത്ഥനകളും സ്നേഹവും ആശംസകളും ആയിരുന്നു എനിക്ക് ഏറ്റവും വലിയ കരുത്ത്… ജീവിതം ഒരു നിമിഷം കൊണ്ടു മാറ്റിമറിക്കുമെന്ന തിരിച്ചറിവിലും, അതിനെ അതിജീവിക്കാനുള്ള കരുത്തിലും ഒരുപാട് മനുഷ്യരെ കാണുമ്പോൾ മനസ്സ് നിറയും…. മഞ്ജു ഇന്ന് എന്നെ കാണാൻ എത്തിയത് അത്രയും മനോഹരമായ ഒരു അനുഭവമായിരുന്നു… ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോൾ, മഞ്ജു നിരന്തരം വിളിച്ച് എന്റെ മക്കളോടും സ്റ്റാഫിനോടും വിവരങ്ങൾ ചോദിച്ചറിയാറുണ്ടായിരുന്നു..ജീവിതം ഓരോ പരീക്ഷണങ്ങൾ നമ്മുക്ക് മുന്നിൽ കൊണ്ടുവരുമ്പോഴും, പരസ്പരം കരുതുന്ന നല്ല മനസുകൾ ഉണ്ടെങ്കിൽ അതിജീവിക്കാൻ എളുപ്പമാകും..മഞ്ജുവിന്റെ ഈ സന്ദർശനം എന്റെ ഹൃദയത്തിൽ ഒരിക്കലും മായാത്ത ഒരു ഓർമയായുണ്ടാകും.. ഈ സ്‌നേഹത്തിനും കരുതലിനും ഹൃദയത്തിൽ നിന്ന് നന്ദി.. ❤️