ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാനസർക്കാരിന്‍റെ ഹർജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത് . വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാനസർക്കാരിന്‍റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരായാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനസർക്കാർ ഹർജിക്കെതിരെ ദിലീപ് സുപ്രീംകോടതിയിൽ തടസ്സഹർജി നൽകിയിട്ടുണ്ട്. തന്‍റെ ഭാഗം കേൾക്കാതെ കേസിൽ വിധി പറയുകയോ തീരുമാനം എടുക്കുകയോ ചെയ്യരുതെന്നാവശ്യപ്പെട്ടാണ് ദിലീപ് തടസ്സഹർജി സമർപ്പിച്ചിരിക്കുന്നത്. വിചാരണ കോടതി ജഡ്ജിയെ മാറ്റരുത് എന്ന് ദിലീപ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടേക്കും.
വിചാരണക്കോടതി പക്ഷപാതപമായിട്ടാണ് പെരുമാറുന്നതെന്നും തെളിവുകൾ വേണ്ടവിധം പരിഗണിക്കുന്നില്ലെന്നുമാണ് പ്രോസിക്യൂഷന്‍റെ പ്രധാന ആക്ഷേപം. കോടതി മുറിയിൽ പ്രതിഭാഗം തന്നെ മാനസികമായി അപമാനിച്ചിട്ടും വനിതാ ജഡ്ജി ഇടപെട്ടില്ലെന്നാണ് നടിയുടെ പരാതി. എന്നാൽ ഇത് വൈകിയ വേളയിൽ പരിഗണിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സർക്കാർ ഹർജി തള്ളിയത്. വിചാരണക്കോടതി ജഡ്ജിയെ ഇപ്പോൾ മാറ്റിയാൽ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്ക് ഉള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിയില്ല എന്നാണ് ദിലീപിന്‍റെ വാദം. കേസിലെ പ്രധാനപ്പെട്ട സാക്ഷികളുടെ വിസ്താരം പൂർത്തിയായതിനാൽ ജഡ്‌ജിയെ മാറ്റിയാൽ ഇത് വീണ്ടും നടത്തേണ്ടി വരും എന്നും ദിലീപിന്‍റെ അഭിഭാഷകർ കോടതിയെ അറിയിക്കും.
ദിലീപിന് വേണ്ടി പ്രമുഖ അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീം കോടതിയിൽ ഹാജരായേക്കും. കേസിലെ നാലാം പ്രതിയായ വിജീഷ് വിപിയും തടസ്സഹർജി നൽകിയിട്ടുണ്ട്. കേസിൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് കേരളം കഴിഞ്ഞ ആഴ്ചയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇരയായ നടിയെ ഇരുപതിലേറെ അഭിഭാഷകരുടെ സാന്നിധ്യത്തിൽ മണിക്കൂറുകളോളം ക്രോസ് വിസ്താരം ചെയ്തു ബുദ്ധിമുട്ടിച്ചു. ഇത് രഹസ്യവിചാരണ എന്നതിന്‍റെ അന്തസത്ത തകർക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ അടുത്ത വർഷം ഫെബ്രുവരിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാനാണ് സുപ്രീം കോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത് .