കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ ഇന്ന് പുനരാരംഭിക്കും. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സർക്കാരും നടിയും നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് വീണ്ടും വിചാരണ ആരംഭിക്കുന്നത്. അതേസമയം ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യത്തിൽ സർക്കാർ ഇന്ന് തീരുമാനമെടുക്കും. കേസിൽ സാക്ഷികളായവർക്ക് ഹാജരാകണമെന്ന് കാണിച്ച് കോടതി നോട്ടീസ് അയച്ചു.
നേരത്തെ വിസ്താരം മാറ്റിവച്ചവർക്ക് പുതുക്കിയ തീയതി സഹിതമാണ് നോട്ടീസ് നൽകിയത്. വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സർക്കാരും നടിയും ഉന്നയിച്ചത്. എന്നാൽ കോടതി മാറ്റേണ്ടതിന്റെ ആവശ്യകതയില്ലെന്നും വിചാരണ തുടരാമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനും കോടതിയും ഒരുമിച്ച് മുന്നോട്ട് പോയെങ്കിൽ മാത്രമേ കേസ് തീർപ്പാക്കാൻ സാധിക്കുകയുള്ളുവെന്ന നിരീക്ഷണവും കോടതി നടത്തിയിരുന്നു.