കൊച്ചി: ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാക്കളെ തിരിച്ചറിയാനുള്ള ശ്രമം പരാജയപ്പെട്ടു. മാളില്‍ നിന്നും പോലീസ് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍ നടിയുടെ സമീപത്ത് യുവാക്കളുടെ സാന്നിദ്ധ്യം പ്രകടമാണെങ്കിലും മുഖം തിരിച്ചറിയാന്‍ കഴിയാത്തത് പോലീസിന് തിരിച്ചടിയായി. ഇരുവരും മാസ്‌ക് ധരിച്ചതിനാല്‍ മുഖം വ്യക്തവുമല്ല .
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാളിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ പേരും ഫോണ്‍ നമ്പരും രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ യുവാക്കള്‍ പ്രവേശിക്കുന്ന സമയത്ത് തിരക്കേറെയുണ്ടായിരുന്നതിനാല്‍ ഇവര്‍ പേരും നമ്പരും രേഖപ്പെടുത്തിയിട്ടില്ല. പ്രവേശന കവാടത്തില്‍ പതിഞ്ഞ യുവാക്കളുടെ ദൃശ്യങ്ങളിലും വ്യക്തതയില്ലെന്ന് പോലീസ് അറിയിച്ചു .
വ്യാഴാഴ്ച വൈകിട്ടാണ് ഷോപ്പിംഗിനിടെ നടിക്ക് ദുരനുഭവമുണ്ടായത്. തിരക്കിനിടയിലൂടെ വന്ന യുവാക്കള്‍ നടിയുടെ ശരീരഭാഗത്ത് സ്പര്‍ശിച്ചു. അറിയാതെ പറ്റിയതാകുമെന്ന് കരുതിയെങ്കിലും സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു .
സഹോദരി അരികിലെത്തി കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിച്ചതായും ഊഹിയ്ക്കാന്‍ പോലും കഴിയാത്ത കാര്യം നടന്നതിന്‍റെ ഞെട്ടലിലാണ് താനെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു .
തുടര്‍ന്ന് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിക്കുകയായിരുന്നു .അതെ സമയം സംഭവത്തെ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ അപലപിച്ചു. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. എംസി ജോസഫൈന്‍ നേരിട്ടെത്തി നടിയുടെ വസതിയിലെത്തി വിവരങ്ങള്‍ ശേഖരിക്കും .