എറണാകുളം : നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് വിചാരണകോടതി അപേക്ഷ സമര്‍പ്പിച്ചു. ജഡ്‌ജി ഹണി എം വര്‍ഗീസാണ് വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസത്തെ സമയം കൂടി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഫെബ്രുവരി 16ആം തീയതിക്കകമായിരുന്നു വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്.
നിലവില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തില്‍ കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ നടപടികള്‍ നീണ്ടുപോകുമെന്നും അതിനാല്‍ 6 മാസത്തെ സമയം കൂടി അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ അന്വേഷണ ഉദ്യോഗസ്‌ഥനെതിരെ ദിലീപ് നല്‍കിയ കോടതിയലക്ഷ്യ ഹർജി, സാക്ഷികളെ വീണ്ടും വിസ്‌തരിക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹർജി, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പദവി ഒഴിഞ്ഞ സംഭവം തുടങ്ങിയവ അപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന.