കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ സാക്ഷി വിസ്താരം ഇന്ന് കൊച്ചി പ്രത്യേക സിബിഐ കോടതിയില്‍ നടക്കും. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. കേസില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. ആറു മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. അടുത്ത മാസത്തോടെ സുപ്രീംകോടതി അനുവദിച്ച സമയം അവസാനിക്കും.
എന്നാല്‍ വിചാരണ അതിവേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിചാരണ കോടതി സുപ്രീം കോടതിക്ക് കത്തയച്ചിരിക്കുന്നത്. ഇനിയും ആറ് മാസം സമയം വേണമെന്നാണ് വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നുവെന്ന കാരണം പറഞ്ഞാണ് ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ നവംബറില്‍ കൂടുതല്‍ സമയം തേടി അപേക്ഷ നല്‍കിയപ്പോള്‍ 2021 ആഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് മേയില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും അപേക്ഷയില്‍ പറയുന്നു.